മലയാള സിനിമയിലെ ഒരു പ്രമുഖ താര കുടുംബത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സുകുമാരൻ കുടുംബമാണ്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. കഴിഞ്ഞ ദിവസം ആയിരുന്നു മല്ലിക സുകുമാരന്റെ 67-ാം പിറന്നാൾ. അമ്മയുടെ ജന്മദിനവും ഒപ്പം ദീപാവലിയും മക്കളും മരുമക്കളുമൊക്കെ ചേര്‍ന്ന് ആഘോഷമാക്കി. എന്നാൽ ഇപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കലിന്റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടുള്ള മല്ലികയുടെ കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
സിദ്ദുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു,
ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. സുകുമാരന്‍ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടില്‍ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെ അതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പര്‍സ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതൊക്കെ ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് എനിക്കു തോന്നിയത്- സിദ്ദു പറയുന്നു.
അടുക്കളയില്‍ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു.അതുതന്നെ എനിക്കു വലിയസന്തോഷത്തിന് വകനല്‍കും. പക്ഷെ ചേച്ചിചെയ്തത് അങ്ങിനെയല്ല. ചേച്ചി എന്ന സ്‌നേഹസാഗര തീരത്ത് നില്‍ക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്പോള്‍ ചെന്നാല്‍ ചോറ് തരും, തേക്കുമ്പോള്‍ ചെന്നാല്‍ എണ്ണ തരും, കോടിയുടുക്കുമ്പോള്‍ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി.
ജീവിതത്തിലെ ഏറ്റവും വലിയ ശാപം എന്താണ്. കൂട്ടുകാരില്ലാത്തതാണോ വിദ്യാഭ്യാസമില്ലാത്തതാണോ,വിവരമില്ലാത്തതാണോ, ഭാര്യയില്ലാത്തതാണോ, കുടുംബമില്ലാത്തതാണോ, കുട്ടികളില്ലാത്തതാണോ, ജോലിയില്ലാത്തതാണോ, പണമില്ലാത്തതാണോ, ഒറ്റപ്പെടലാണോ,നിരാശയാണോ, ഇതൊന്നുമല്ല. വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയശാപം എന്നാണ് എന്റെ പക്ഷം.
സിനിമയില്‍ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടില്‍ നിന്ന് എന്റെ വിശപ്പകറ്റാന്‍ അന്നമിട്ടകൈ ആണ് ചേച്ചിയുടേത്. അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ് പ്രിയപ്പെട്ടതാണ്.ഇന്ന് ദീപാവലിയാണ് ചേച്ചിയുടെ പിറന്നാള്‍ അറിഞ്ഞോ അറിയാതെയോ എല്ലാവരും ആഘോഷിക്കുന്നു. ദീര്‍ഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നല്‍കി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.