സില്‍ക്ക് സ്മിതയുടെ അത്രയും കോസ്റ്റ്യൂം സെന്‍സുള്ള മറ്റൊരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്ന് നടി ഉര്‍വശി. അവരുടെ കളര്‍ സെന്‍സും മേക്കപ്പ് സെന്‍സുമെല്ലാം എടുത്തുപറയേണ്ടതാണെന്നും, അകാലത്തില്‍ വിട്ടുപിരിഞ്ഞ സില്‍ക്ക് സ്മിത തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ നല്‍കിയ സ്നേഹവും പിന്തുണയും മറക്കാനാവില്ലെന്നും ഉര്‍വശി പറഞ്ഞു. പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സില്‍ക്ക് സ്മിതയുമായുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ച് ഉര്‍വശി മനസ്സ് തുറന്നത്.
മൂത്ത സഹോദരിയെപ്പോലെയാണ് താന്‍ സില്‍ക്ക് സ്മിതയെ കണ്ടിരുന്നതെന്ന് ഉര്‍വശി പറഞ്ഞു. 'അക്കാലത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന നടിമാരെ സിനിമാ മേഖലയില്‍ മറ്റൊരു രീതിയിലാണ് ആളുകള്‍ പരിഗണിച്ചിരുന്നത്. അത്തരം കോസ്റ്റ്യൂമുകള്‍ ധരിച്ചിരുന്നതുകൊണ്ട് പലരും അവരെ മറ്റൊരു കണ്ണോടെയാണ് നോക്കിയിരുന്നത്. അതിനാല്‍ സില്‍ക്ക് സ്മിത പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് അകന്ന് ഒറ്റയ്ക്കിരിക്കാറായിരുന്നു പതിവ്. ആരോടും അധികം സംസാരിക്കാറില്ലായിരുന്നു,' ഉര്‍വശി വ്യക്തമാക്കി. ഓവര്‍ മേക്കപ്പുള്ള കാലഘട്ടമായിരുന്നിട്ട് പോലും എന്ത് കോസ്റ്റ്യൂം ധരിച്ചാലും സ്മിതയ്ക്ക് ഒട്ടും വള്‍ഗറായി തോന്നില്ലായിരുന്നു എന്ന് ഉര്‍വശി ഓര്‍ത്തെടുത്തു.
തനിക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുതരണമെന്ന് സ്മിതയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. 'ഉര്‍വശിയുടെ നല്ല ഫിസിക് അല്ലേ, ഞാനൊരു പടത്തിന് കോസ്റ്റ്യൂം ചെയ്ത് തരാം, എന്ത് രസമായിരിക്കും' എന്ന് സ്മിത പറയാറുണ്ടായിരുന്നു. തന്നോട് വലിയ ഇഷ്ടമുണ്ടായിരുന്ന സ്മിതയ്ക്ക് അവസാനകാലം വരെ ആ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അന്ന് ഇന്നത്തെപ്പോലെ ഡിസൈനിങ് കള്‍ച്ചര്‍ വ്യാപകമല്ലാത്തതിനാല്‍ അത് നടക്കാതെ പോവുകയായിരുന്നുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.