മലയാള സിനിമയിൽ ചേക്കേറിയ പുതുമുഖ നായകന്മാരിൽ ഏവർക്കും പ്രിയപ്പെട്ട 'പ്രണയ' നായകനാണ് ഷെയിൻ നിഗം. ഹാസ്യത്തിന്റെ മാന്ത്രിക ചെപ്പ് കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നടൻ അബിയുടെ മകൻ. എന്നാൽ ഇപ്പോൾ താരം എല്ലാവരോടും അഭ്യർത്ഥിക്കുന്ന കാര്യം കേട്ട് സങ്കടത്തിലാണ് ആരാധകർ. വനിതാ ഫോട്ടോ ഷൂട്ടിന്റെ തിരക്കിനിടെ വാപ്പച്ചി സമ്മാനിച്ച വാച്ച് കാണാതെ പോയതിലുള്ള വിഷമത്തിലാണ് ഷെയിൻ.
'ഗൾഫിൽ പോയി മടങ്ങി വന്ന വേളയിൽ വാപ്പച്ചി തനിക്ക് സമ്മാനിച്ചതാണ് ആ വാച്ച്. വനിതാ കവർ ഷൂട്ടിനിടെ അത് എവിടെ വെച്ചോ നഷ്ടപ്പെട്ട് പോയി. ഇക്കഴിഞ്ഞ മാർച്ചിൽ കളമശേരിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ഷൂട്ട്' ഷെയിൻ പറയുന്നു.
ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി 'കാസിയോ എടിഫിസി' എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്‌ന് വലിയ ദുഃഖമായി. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തുവന്നത്.
അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ഷെയ്ൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.കൈരളി ടിവിയൽ സംപ്രേഷണം ചെയ്ത ഗുലുമാൽ ഭായ്, സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ബുള്ളറ്റ് ബാവ എന്നിവയാണ് അഭിനയിച്ച മറ്റു സീരിയലുകൾ.ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രം ജീവിതം ആരംഭിക്കുന്നത്.
പൃഥ്വിരാജ് നായകനായി എത്തിയ അൻവർ ആണ് ആദ്യ മലയാള ചിത്രം.ഈ ചിത്രത്തിനുശേഷം 2013ൽ തമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.അതേ വർഷം തന്നെ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിൽ കുഞ്ഞുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ രണ്ട് കഥാപാത്രങ്ങളുമാണ് ഷെയിനിനെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് അടുപ്പിച്ചത്.