ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മിര രാജ്പുത്തും മുംബൈയില്‍ വാങ്ങിയ ആഡംബര ഫ്ളാറ്റ് വാടകയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. മുംബൈ വര്‍ളിയിലെ ഒബ്റോയി റിയല്‍റ്റിയുടെ ത്രീ സിക്സ്റ്റി വെസ്റ്റ് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ ഫ്ളാറ്റാണ് ദമ്പതിമാര്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.പ്രതിമാസം 20 ലക്ഷം രൂപയ്ക്ക് ഡി-ഡെകോര്‍ ഹോം ഫാബ്രിക്സിലെ സീനിയര്‍ എക്സിക്യൂട്ടിവായ ദീപന് ഭുപ്താനിയാണ് ഷാഹിദ്-മിര ദമ്പതിമാരുടെ 5,395 ചതുരശ്ര അടിയുടെ ഫ്ളാറ്റ് വാടകയ്ക്കെടുത്തിരിക്കുന്നത്.
നവംബര്‍ ഏഴാം തീയതി ഇരുവരും അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. 1.23 കോടി രൂപയായിരുന്നു സെക്യൂരിറ്റി ഡെപ്പോസിറ്റ്. ആദ്യഘട്ടത്തില്‍ 20.5 ലക്ഷം രൂപയാണ് കരാറനുസരിച്ചുള്ള മാസവാടക. അവസാനവര്‍ഷം ഇത് 23.98 ലക്ഷം രൂപ വരെയെത്തും. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 60 കോടി രൂപയ്ക്കാണ് ഷാഹിദ് കപൂറും മിര രാജ്പുത്തും വര്‍ളിയിലെ ഫ്ളാറ്റ് സ്വന്തമാക്കിയത്.
തങ്ങള്‍ വാങ്ങുന്ന ആഡംബരവസതികള്‍ വാടകയ്ക്ക് നല്കുന്ന ബിസിനസ് അടുത്തിടെ പല ബോളിവുഡ് താരങ്ങളും പിന്തുടരുന്നുണ്ട്. രണ്‍വീര്‍ സിങ്, കാര്‍ത്തിക് ആര്യന്, സാജിദ് നദിയാവാല തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ ആഡംബരവസതികള്‍ അടുത്തിടെ വാടകയ്ക്ക് നല്‍കിയിരുന്നു.