Latest News

നക്ഷത്ര സൗകര്യമുള്ള വീട്; ഇവിടെ നക്ഷത്രങ്ങളെ കണ്ട് മനംനിറഞ്ഞ് രാം ഗോപാൽ വർമ്മയും നിവിൻ പോളിയും

Malayalilife
നക്ഷത്ര സൗകര്യമുള്ള വീട്; ഇവിടെ നക്ഷത്രങ്ങളെ കണ്ട് മനംനിറഞ്ഞ് രാം ഗോപാൽ വർമ്മയും നിവിൻ പോളിയും

ഭൂമി മലയാളത്തിലുള്ള എല്ലാം ഈ വീട്ടിലുണ്ട്. അതെല്ലാം കണ്ടു കഴിഞ്ഞെങ്കിൽ നക്ഷത്രങ്ങളെക്കൂടി കാണിച്ചുതരാനും വീട്ടുകാർ തയ്യാർ..!!
 വ്യവസായിയും സംവിധായകനുമായ ഡോ. സോഹൻ റോയിയുടെ അടുത്തിടെ വാങ്ങിയ പുതിയ വീടാണ്  പ്ലാനിറ്റോറിയം ഉൾപ്പെടെയുള്ള ഏഴ് വിസ്മയങ്ങളുമായി അതിഥികളെ കാത്തിരിക്കുന്നത്.  ദുബായിലെ എമിറേറ്റ്സ് ഹിൽസിലാണ് നൂറുകോടിയിലധികം രൂപ വിലമതിക്കുന്ന ഈ പുതിയ വില്ല സ്ഥിതിചെയ്യുന്നത്.  ദുബായിലെ ഈ വീട്ടിൽ  കഴിഞ്ഞ ദിവസങ്ങളിൽ വന്ന് ആതിഥ്യം സ്വീകരിച്ചവരിൽ പ്രശസ്ത ഹോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ, സൂപ്പർസ്റ്റാർ നിവിൻ പോളി, പ്രശസ്ത ഗായിക ചിത്ര എന്നിവരുമുണ്ട്.

 ദുബായ് പ്ലാനറ്റോറിയം നിർമ്മിച്ച് നൽകിയ ' മിനി പ്ലാനറ്റോറിയം' ആണ് ഈ വീടിന്റെ മുഖ്യ ആകർഷണം. മിഡിലീസ്റ്റിലെ തന്നെ ആദ്യ ' ഹോം പ്ലാനറ്റോറിയം ' കൂടിയാണ് ഇത്. സെലെസ്ട്രോൺ സി പി സി സീരീസിലുള്ള ദൂരദർശിനികൾ ഉപയോഗിച്ച്  'നെബുല 'കളെ നേരിട്ട് കാണാനുള്ള സംവിധാനം ഇണക്കിയിരിക്കുന്നു എന്നതാണ് ഈ പ്ലാനറ്റോറിയത്തിന്റെ സവിശേഷത. വീടിന്റെ ഗൃഹപ്രവേശത്തോട് അനുബന്ധിച്ച് നടത്തിയ നെറ്റ്‌വർക്കിംഗ് പാർട്ടിക്ക് നൽകിയ പേരും 'നെബുല നൈറ്റ്സ് ' എന്ന് തന്നെ ആയിരുന്നു.

 എന്താണ് 'നെബുല '?

 നക്ഷത്രങ്ങൾക്കിടയിലുള്ള സ്ഥലത്ത് മേഘപാളികൾ പോലെ  കാണപ്പെടുന്ന ഒന്നാണ് നെബുലകൾ.  
'നെബുല' എന്ന പദം തന്നെ ഉണ്ടായത് 'ക്ലൗഡ് ' എന്ന് അർത്ഥം വരുന്ന ഒരു ലാറ്റിൻ പദത്തിൽനിന്നാണ്. നക്ഷത്രങ്ങളുടെ ജന്മഗൃഹമായി കരുതപ്പെടുന്നതും നെബുലകളാണ്.

 ഏകദേശം അഞ്ച് ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് ഓറിയൻ മൂന്നാം കോണിൽ ഉണ്ടായിരുന്ന ഭീമൻ നക്ഷത്രം  പൊട്ടിത്തെറിച്ച് ഉണ്ടായ നെബുലയിൽ നിന്നാണ് സൂര്യൻ എന്ന നക്ഷത്രത്തിന്റെ  ജനനമെന്ന് ശാസ്ത്രം അടയാളപ്പെടുത്തുന്നു. മേഘപാളികൾ പോലെ ആയിരക്കണക്കിന് പ്രകാശവർഷങ്ങൾ അകലത്തിൽ പടർന്നുപന്തലിച്ചു പരന്നുകിടക്കുന്ന നെബുലകളുടെ 'മാസ്സ്'  പല കാരണങ്ങൾ കൊണ്ട് വർധിച്ചു വരുകയും ഒരു പ്രത്യേക അനുപാതം എത്തുമ്പോൾ അവയിൽ 'ഹൈഡ്രജൻ ഫ്യൂഷൻ'  ആരംഭിക്കുകയും ചെയ്യുന്നു. തുടർന്ന് പരന്നുകിടക്കുന്ന നെബുലകൾ ഗുരുത്വാകർഷണ ബലത്തിന്റെ കൂടി ഫലമായി ഗോളാകൃതിയിലാവുകയും നക്ഷത്രങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് ശാസ്ത്രം. എല്ലാ വാതകങ്ങളും നെബുലയിൽ അടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ മുഖ്യപങ്കും ഹൈഡ്രജനും ഹീലിയവും ആണ്. നക്ഷത്രങ്ങളും അവയെ ചുറ്റുന്ന ഗ്രഹങ്ങളും ഉൽക്കകളും വാൽനക്ഷത്രങ്ങളും ഒഴിച്ചാൽ പ്രപഞ്ചത്തിലെ ശൂന്യമായ ബാക്കി സ്ഥലം മുഴുവൻ നെബുലകളാൽ അലങ്കൃതമാണ്.  പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ വസ്തുക്കൾ കൂടിയാണ് നെബുലകൾ എന്ന് നിസ്സംശയം പറയാം. എന്തായാലും വൈകുന്നേരങ്ങളിൽ ഒരു കോഫി ഒക്കെ കുടിച്ച് നക്ഷത്രങ്ങളോട് ഒന്ന് കിന്നരിയ്ക്കണം എന്ന് തോന്നുന്നവർക്ക് ഇത്തരമൊരു  'ഹോം പ്ലാനറ്റോറിയ'ത്തിനേക്കാൾ മികച്ച ഇടം വേറെ ലഭിക്കാനില്ല.

വില്ലയിലെ മറ്റു വിശേഷങ്ങൾ..

 പ്ലാനറ്റോറിയം കൂടാതെ വിസ്മയിപ്പിക്കുന്ന മറ്റനേകം കാര്യങ്ങളും ഈ വില്ലയിലുണ്ട്. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒരുപോലെ ഉപയുക്തമാകുന്ന ഹോം തിയേറ്ററുകളാണ് മറ്റൊന്ന്.  ഒരു ഹോം തിയേറ്റർ 48 സീറ്റിന്റേതും മറ്റേത് 8 സീറ്റിന്റേതും ആണ്.  അത്യന്താധുനിക മൾട്ടിപ്ലക്സ് തിയേറ്ററുകളോട് കിടപിടിക്കുന്ന ദൃശ്യശ്രവ്യ സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.  'മൾട്ടി ഫീച്ചർ ഡിജെ ' സംവിധാനമാണ് മറ്റൊരു ആകർഷണം.  ഇരുപത്തിയഞ്ചോളം രീതികളിലുള്ള ഗെയിമുകളും വെർച്വൽ റിയാലിറ്റിയും കണ്ണാടി ഇല്ലാതെ ആസ്വദിക്കാവുന്ന ത്രീഡിയും ഈ  ഡിജെ സംവിധാനത്തിന്റെ ഭാഗമാണ്.  ഏതു ഫോർമാറ്റിലും പ്രവർത്തിപ്പിക്കാവുന്ന ആധുനിക 'വിനൈൽ ഡിസ്ക്'  മ്യൂസിക് സ്റ്റുഡിയോയും വില്ലയിലുണ്ട്. നൂറോളം വ്യായാമങ്ങൾ ചെയ്യാവുന്ന ഏറ്റവും പുതിയ ഉപകരണങ്ങളോട് കൂടിയ ' ജിംനേഷ്യം' ആണ് വില്ലയുടെ മറ്റൊരു സവിശേഷത. പരിശീലകന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ വ്യായാമങ്ങൾ ചെയ്യാം. മൂന്നു തലങ്ങളിലുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കാവുന്ന ആരോഗ്യ പരിപാലന സംവിധാനവും ഇതിനോട് അനുബന്ധിച്ചുണ്ട്.  'വർക്ക് ഫ്രം ഹോമിന് ' അനുയോജ്യമായ ഒരു 'ഹോം- ഓഫീസ്' സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു. റിമോട്ട് മോണിറ്ററിംഗ് സംവിധാനത്തോടുകൂടിയ സ്റ്റുഡിയോയും ലൈബ്രറിയും വില്ലയിലെ ഈ ഓഫീസിലുണ്ട്. വൂൾഫ് എയർ മാസ്ക് സുരക്ഷയോടു കൂടി അണുവിമുക്തമാക്കി മലിന വായുവിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനവും എല്ലാ മുറികളിലും കോവിഡ് പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുണ്ട്.

ram gopal varma and nivin pauly in nakshathra sawkaryamulla veedu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES