ഇന്ത്യ കണ്ട ഏറ്റവും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രമായ 'ആർ ആർ ആർ' പുരോഗമിക്കുകയാണ്. ഷൂട്ടിങ് നടക്കുമ്പോൾ തന്നെ വാർത്തകളിൽ ഇത്രയും നിറഞ്ഞ് നിന്നിരുന്ന ഒരു ചിത്രം ഉണ്ടായിട്ടുണ്ടോ എന്ന് വരെ സംശയമാണ്. ഒരുപാട് വിവാദങ്ങളിലും ചിത്രം ഇതിനോടകം തന്നെ ഏർപ്പെട്ടിരുന്നു. ചിത്രത്തിൽ ജൂനിയർ എൻ ടി ആർ, രാം ചരൻ, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
'ആര്‍ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. ചിത്രത്തിൻ്റെ ഉഗാദി സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിൽ അല്ലൂരി സിതാരമാ രാജു ആയി വേഷമിടുന്നത് രാം ചരൻ ആകുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻ ടി ആർ ആണ്. ചിത്രത്തിൽ സീത ആയിട്ട് വേഷമിടുന്നത് ആലിയ ഭട്ട് ആണ്.
ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗൻ ആണ്. ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളുമെല്ലാം വൈറൽ ആയി കഴിഞ്ഞിരുന്നു.