നാല് ഭാഷകളിലായി 80തിലധികം സിനിമകളാണ് പ്രിയദര്‍ശന്റെതായി പുറത്തിറങ്ങിയത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പര്‍ താരങ്ങളെല്ലാം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകളില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് മലയാളത്തില്‍ സംവിധായകന്‍ കൂടുതല്‍ സിനിമകള്‍ എടുത്തത്. പ്രിയദർശൻ സിനിമയിലേക്ക് കാലെടുത്തു വക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചില നല്ല സുഹൃത്തുക്കളും ഒന്നിച്ച് ചലച്ചിത്രരംഗത്തേക്കു വന്നിരുന്നു. മോഹൻലാൽ, ഗായകൻ എം.ജി. ശ്രീകുമാർ, നിർമാതാവ് സുരേഷ് കുമാർ എന്നിവർ അവരിൽ ചിലരാണ്. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. തന്റേതായ എടുത്തടിക്കുന്ന ഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള സിനിമകൾ പ്രിയദർശന് മലയാള സിനിമയിൽ ഒരു പുതിയ മുഖഛായ തന്നെ നൽകി.
അനിയത്തിപ്രാവ് റീമേക്ക് ചിത്രം പരാജയപ്പെട്ടപ്പോഴാണ് തനിക്ക് അങ്ങനെ ഒരു തിരിച്ചറിവുണ്ടായതെന്ന് സംവിധായകന്‍ പറയുന്നു. അനിയത്തിപ്രാവ് സിനിമ ഹിന്ദിയില്‍ കണ്ടപ്പോഴാണ് ചില കാര്യങ്ങള്‍ ഞാന്‍ മനസിലാക്കിയത്. നമ്മള്‍ മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് ഒരു സിനിമ എടുക്കുമ്പോള്‍ അതിന് ആദ്യം വേണ്ടത് പുതിയതായി ഒരു തിരക്കഥ എഴുതണം എന്നുളളതാണ്. മലയാളികള്‍ സിനിമ കാണുന്നത് പോലെയല്ല ഹിന്ദിക്കാരന്‍ സിനിമാ കാണുന്നത്. ഇവിടെ ലോജിക്ക് ഒകെ വെച്ചാണ് സിനിമ കാണല്‍. അവിടെ എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്നത്. അപ്പോള്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത് പുതിയതായി തിരക്കഥ എഴുതി മറ്റൊരൂ രൂപത്തില്‍ സിനിമ മാറ്റുക എന്നതാണ് വഴി എന്നാണ് പ്രിയദർശൻ പറയുന്നത്.
മലയാളത്തിനൊപ്പം തന്നെ ഹിന്ദിയിലും കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരുകാലത്ത് സിനിമകള്‍ ചെയ്തിരുന്നു പ്രിയദര്‍ശന്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയുളള സിനിമകള്‍ക്ക് പുറമെ സീരിയസ് ചിത്രങ്ങളും പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളെ നായകന്മാരാക്കിയും സംവിധായകന്‌റെ സിനിമകള്‍ വന്നു.