മലയാളത്തില്‍ ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു ഓഗസറ്റ് സിനിമാസ്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരുടെ കൂട്ടുകെട്ടിലെത്തിയ ഓഗസ്റ്റ് സിനിമാസ് പൃഥ്വിയെ നായകനാക്കി അയ്യപ്പന്‍ വരെ അടുത്തകാലത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൃഥ്വി മുന്നറിയിപ്പില്ലാതെ ഓഗസ്റ്റ് സിനിമാസ് വിട്ടതും സ്വന്തമായി നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയതും വാര്‍ത്തകളില്‍ ഇടം നിറഞ്ഞിരുന്നു. ഓഗസ്റ്റ് സിനിമാസ് വിട്ടതിനെ കുറിച്ച് ഇപ്പോല്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
കമ്പനിയില്‍ പങ്കാളികളായ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള, എല്ലാ തിരക്കഥകളും ഓഗസ്റ്റ് സിനിമയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്നൊരു സ്ഥിതിയില്‍ കാര്യമെത്തിയപ്പോഴാണ് സ്വന്തമായ പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് ചിന്തിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ് ആദ്യമായി നിര്‍മിക്കുന്ന 'നയന്‍' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.
'ഓഗസ്റ്റ് സിനിമാസുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. എനിക്ക് എപ്പോഴും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇപ്പോഴും വിളിക്കുന്നത് അവരെ തന്നെയാണ്. പക്ഷേ മൂന്ന് പേര്‍ ചേര്‍ന്ന് ഒരു കമ്പനി നടത്തുമ്പോള്‍ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. അവിടെ മൂന്ന് പേരുടെ താല്‍പര്യങ്ങള്‍ വന്നുചേരുന്നു. ഓഗസ്റ്റ് സിനിമാസ് തുടങ്ങിയപ്പോള്‍ അതില്‍ ക്രിയേറ്റിവ് ആയ തീരുമാനങ്ങള്‍ എടുക്കാനും, ഏത് സിനിമ ചെയ്യണം, ഏത് സിനിമ ചെയ്യണ്ട എന്ന് തീരുമാനിക്കാനും പറ്റുന്നൊരാള്‍ ഞാന്‍ മാത്രമായിരുന്നു. സന്തോഷ് ശിവന്‍ ചേട്ടന്‍ അതില്‍ പങ്കാളി മാത്രമായിരുന്നു.'
'ഷാജി നല്ലൊരു ഫിലിം ക്രിട്ടിക് ആണ്. നല്ല സിനിമാ സെന്‍സ് ഉള്ള ഒരാളാണ് ഷാജി നടേശന്‍. തിരക്കഥയിലും അദ്ദേഹത്തിന് അറിവുണ്ട്. അങ്ങനെ ഷാജിക്ക് ചില തിരക്കഥകളോട് താല്‍പര്യം വന്നുതുടങ്ങി. നമുക്ക് രണ്ട് പേര്‍ക്കും ഇഷ്ടമുള്ള എല്ലാ തിരക്കഥകളും ഓഗസ്റ്റ് സിനിമയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്നൊരു സ്ഥിതിയില്‍ കാര്യമെത്തി.'
'ആ സമയത്ത് സ്വന്തം നിര്‍മാണ കമ്പനി തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രണ്ട് കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനത്ത് ഇരിക്കാനും എനിക്ക് താല്‍പര്യമില്ലായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. ഈ കമ്പനി ചെയ്യുന്ന സിനിമകളുടെ വിജയ പരാജയങ്ങള്‍ നഷ്ടങ്ങള്‍ ലാഭങ്ങള്‍ അതിന്റെ ഉത്തരം എന്നോട് മാത്രം പറഞ്ഞാല്‍ മതി.'
'ഷാജി ഇന്നും എന്റെ അടുത്ത സുഹൃത്താണ്. നിര്‍മാണവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഞാന്‍ ഇന്നും വിളിക്കുക ഷാജിയെ തന്നെയാണ്.'പൃഥ്വിരാജ് പറഞ്ഞു.
2011ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ഉറുമിയാണ് ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ ചിത്രം. പിന്നീട് ഇന്ത്യന്‍ റുപ്പീ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, സപ്തമശ്രീ തസ്‌കര, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍ വെള്ളം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളും ഓഗസ്റ്റ് സിനിമയിലൂടെ പുറത്തിറങ്ങി.
പൃഥ്വിരാജിനെ നായകനാക്കി അയ്യപ്പന്‍ എന്നൊരു ചിത്രവും ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ അയ്യപ്പനായി പൃഥ്വി എത്തുന്നു.