വളരെ അപൂര്‍വ്വമായി മാത്രമെ പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രം പങ്കുവയ്ക്കാറുള്ളൂ. പലപ്പോഴും മകളുടെ വിശേഷങ്ങള്‍ അറിയിക്കാറുണ്ടെങ്കിലും മുഖം വ്യക്തമാക്കിയുള്ള ചിത്രം കണ്ടിട്ട് വര്‍ഷങ്ങളായി. വിവാഹവേദികളില്‍ നിന്നു പോലും മകളെ മാറ്റിനിര്‍ത്തുന്നത് അവളുടെ സ്വകാര്യതയ്ക്ക് തടസ്സമാകുമോ എന്നു കരുതിയാണെന്ന് ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോഴിതാ, ആരാധകര്‍ക്ക് ഓണസമ്മാനമായി മകളുടെ ചിത്രവും പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. പട്ടുപാവാടയില്‍ നിറഞ്ഞു ചിരിച്ച് നില്‍ക്കുന്ന അലംകൃതയാണ് ഈ ഓണച്ചിത്രത്തിലെ ഏറ്റവും സന്തോഷം നല്‍കുന്ന മുഖം എന്നു തന്നെ പറയാം.
പച്ച ബ്ലൗസും പിങ്ക് പാവാടയുമിട്ട് ആ തലയൊന്നു ചരിച്ചു പിടിച്ച് മനോഹരമായ പല്ലുകള്‍ മുഴുവന്‍ കാട്ടിയുള്ള സുന്ദരമായ ഒരു ചിരി സമ്മാനിച്ചാണ് കുടുംബചിത്രത്തില്‍ അലംകൃത നില്‍ക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ സുപ്രിയയെ വാര്‍ത്തു വച്ചതാണെന്ന് എല്ലാവരും പറയും. സുപ്രിയയും പൃഥ്വിരാജും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും പൂര്‍ണിമയും നക്ഷത്രയും മല്ലിക സുകുമാരന് പിന്നിലായി നില്‍ക്കുന്നുണ്ട. പ്രാര്‍ത്ഥ്നയും ഇത്തവണ സാരിയണിഞ്ഞപ്പോള്‍ സെറ്റും മുണ്ടുമായിരുന്നു നക്ഷത്രയുടെ വേഷം. മഞ്ഞ കുര്‍ത്തിയണിഞ്ഞ് കുറിതൊട്ട് ചിരിച്ച് നില്‍ക്കുന്ന ഇന്ദ്രജിത്തിനെയും ഫോട്ടോയില്‍ കാണാം.
അമ്മയെ കാണാനും അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാനും വളരെ അപൂര്‍വ്വമായി മാത്രമെ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും സാധിക്കാറുള്ളൂ. പലപ്പോഴും ഷൂട്ടിംഗ് തിരക്കുകളിലേക്ക് ആവുന്നതിനാല്‍ അമ്മയ്ക്കരികിലേക്ക് ഓടിയെത്തുവാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഇക്കുറി ഷൂട്ടിംഗിനിടെ കാലിന് പരിക്കു പറ്റി ഫിസിയോതെറാപ്പി ചികിത്സയിലായതിനാല്‍ തന്നെ പൃഥ്വിയ്ക്ക് അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാന്‍ പറ്റി. 'ഓണം..നിര്‍ബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു', എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആണ് പൃഥ്വിരാജിന് അപകടം സംഭവിച്ചത്. പരിക്ക് പൂര്‍ണ്ണമായും ഭേദമായാല്‍ മാത്രമേ ഇനി അഭിനയിക്കുന്നുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി ഇറങ്ങാനുള്ളത്.
എന്തായാലും നാളുകളായുള്ള മല്ലിക സുകുമാരന്റെ പരാതി മാറ്റിയിരിക്കുകയാണ് മക്കള്‍. അമ്മയുടെ പിറന്നാളിനാണ് എല്ലാവര്‍ഷവും എല്ലാവരും ഒത്തുകൂടാറുള്ളത്. ഇത്തവണ പൃഥ്വിരാജ് വിശ്രമത്തിലായതിനാല്‍ ഇന്ദ്രജിത്തും സമയം കണ്ടെത്തി കുടുംബസമേതമായി ഓണം ആഘോഷിക്കാനെത്തുകയായിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍ മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവര്‍ക്കൊപ്പം സന്തോഷത്തോടെയാണ് മല്ലികാ സുകുമാരനും നില്‍ക്കുന്നത്. മരുമക്കള്‍ വിളമ്പിയ സദ്യയുണ്ണുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പൃഥ്വിരാജിനും കുടുംബത്തിനും ഓണാശംസകളുമായി രംഗത്തെത്തുന്നത്.
മകള്‍ ജനിച്ചതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കൂടുതല്‍ ക്ഷമാശീലനായത് അവളുടെ വരവോടെയാണ്. ഡാഡ എന്നാണ് തിരികെ വരുന്നതെന്നാണ് ഷൂട്ടിന് പോയാല്‍ മകളുടെ ചോദ്യം. വെക്കേഷന്‍ സമയത്ത് ഞാന്‍ അവളുടെ കൂടെത്തന്നെ വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓണക്കാലത്ത് മകളുടെ മുഖം കാണിച്ചുള്ള ചിത്രം പൃഥ്വി പോസ്റ്റ് ചെയ്തത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നടന്‍ സുകുമാരന്റെ കുടുംബം. അച്ഛന്റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കിയ മക്കളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പുതുമുഖ നായകനായി തുടങ്ങി മലയാള സിനിമയുടെ സമസ്ത മേഖലകളിലും സാന്നിധ്യം അറിയിക്കുകയായിരുന്നു പൃഥ്വിരാജ്. വില്ലത്തരത്തിലൂടെ തുടങ്ങി ഏത് വേഷവും വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു ഇന്ദ്രജിത്ത്. അനുജനെപ്പോലെ സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.