ക്രിസ്മസ് ദിനത്തില്‍ ദുഃഖകരമായ വാര്‍ത്ത പങ്കുവച്ച് നടി തൃഷ കൃഷ്ണന്‍. നടിയുടെ വളര്‍ത്തു നായ സോറോയുടെ വിയോഗത്തിന്റെ ദുഃഖം പങ്കിട്ട നടി സിനിമയില്‍ നിന്ന് കുറച്ച് കാലത്തേക്ക് ഇടവേളയിടുക്കുന്നതായി ആരാധകരെ അറിയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടാണ് നടിയുടെ പ്രതികരണം.
'എന്റെ മകന്‍ സോറോ ഈ ക്രിസ്മസ് പുലരിയില്‍ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവര്‍ക്കറിയാം, ഇനി എന്റെ ജീവിതം അര്‍ഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയില്‍ നിന്നും ഇടവേള എടുക്കുന്നു.'' തൃഷ പറഞ്ഞു
വാര്‍ത്തു നായയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവും തൃഷ പങ്കിട്ടിട്ടുണ്ട്. പുഷ്പങ്ങളും മെഴുകുതിരികളും പൂമാലകളും കൊണ്ടാണ് തൃഷ സോറോയെ യാത്രയാക്കിയത്. സിനിമാ മേഖലയില്‍ നിന്നുള്ള അഭിനേതാക്കള്‍ തൃഷയ്ക്ക് ആശ്വാസ വാക്കുകളുമായി കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.
അജിത്ത് കുമാര്‍ നായകനാകുന്ന 'വിടാമുയര്‍ച്ചി' എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന 'ഐഡന്റിറ്റി' എന്ന ചിത്രമാണ് തൃഷയുടേതായി തിയേറ്ററില്‍ റിലീസിനൊരുങ്ങുന്നത്. ജനുവരി 2 ന് ചിത്രം തിയേറ്ററിലെത്തും.