സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ് ഡബ്‌ള്യു.സി.സി നിലകൊള്ളുന്നത് എന്ന ആരോപണത്തിന് മറുപടിയുമായി നടി പാര്‍വതി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനോട് കടുത്ത വിയോജിപ്പുണ്ടെന്ന് താരം പറഞ്ഞു. 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സു തുറന്നത്. അധികാരത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ അത് ചോദ്യംചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും പാര്‍വതി പറഞ്ഞു. തങ്ങള്‍ സംസാരിച്ചത് അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും അല്ലാതെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ അല്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
'ആരെയും മോശമാക്കി കാണിക്കാന്‍ വേണ്ടിയല്ല സംസാരിക്കുന്നത്. അഭിനേതാക്കളെ മോശമാക്കി കാണിക്കാനും അല്ല. അവരുടെ പ്രതിഭയെ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ലഭിക്കാതെ വരുമ്പോള്‍ വിമര്‍ശിക്കും. രാഷ്ടീയക്കാരെ നമ്മള്‍ വിമര്‍ശിക്കാറില്ലേ? ഒരു എം.എല്‍.എ അല്ലെങ്കില്‍ എം.പി, അവര്‍ കര്‍ത്തവ്യം ചെയ്യാതിരിക്കുകയാണെങ്കില്‍ നമ്മള്‍ ചോദ്യം ചെയ്യുകയില്ലേ? അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.
എനിക്കും റിമയ്ക്കും രമ്യക്കും ഇതില്‍നിന്ന് എന്താണ് ലഭിക്കുന്നത്? ഞങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാനാണ് സംസാരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. ഞാന്‍ സമീപകാലത്ത് ചെയ്ത അഞ്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി ഓടിയതാണ്. അതില്‍ കൂടുതല്‍ ശ്രദ്ധ എനിക്ക് വേണ്ട. എനിക്കു വേണമെങ്കില്‍ മിണ്ടാതിരുന്ന് സിനിമ ചെയ്ത് പണം ഉണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. പക്ഷേ ഞാന്‍ അതിന് തയ്യാറല്ല.
ഡബ്ലൂ.സി.സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു. കാരണം തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നു. ഇവിടെ സംസാരിക്കുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്'- പാര്‍വതി പറഞ്ഞു.