മലയാളികള്‍ക്കിടയില്‍ ശാലീന സൗന്ദര്യം കൊണ്ട് ശ്രദ്ധേയയാ നടിയാണ് നിത്യാ മേനോന്‍. നിത്യ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് ആയതോടെ മലയാളികള്‍ക്ക് മാത്രമല്ല. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ തിരക്കുള്ള നടികളില്‍ ഒരാളായി നിത്യ പിന്നീട് മാറി. സിനിമാചിത്രീകരണത്തിനിടെ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഭാരവാഹികളോട് നടി നിത്യ മേനോന്‍ മോശമായി പെരുമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ അഹങ്കാരിയെന്നും വിലക്കേര്‍പ്പെടുത്തിയ നടിയെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ നടിയെ തേടി വന്നു. ഇപ്പോള്‍ ആ സംഭവങ്ങളെ ഓര്‍ത്തെടുക്കുകയാണ് നിത്യ. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിനിടയില്‍ അന്ന് സംഭവിച്ചതെന്തെന്ന് ആദ്യമായി നടി തുറന്നുപറയുന്നു.
'എന്റെ അമ്മയ്ക്ക് ക്യാന്‍സറായിരുന്നു. എങ്കിലും ഷൂട്ട് മുടങ്ങേണ്ടെന്നു കരുതി ഞാന്‍ ഷൂട്ടിന് വരുകയായിരുന്നു. ടി കെ രാജീവ് കുമാര്‍ സാറിന്റെ സിനിമയാണ്. എനിക്കദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. ആകെ തകര്‍ന്നിരിക്കയായിരുന്നു ഞാന്‍. എന്റെ അമ്മയ്ക്കിങ്ങനെ സംഭവിക്കുമെന്നൊന്നും പ്രതീക്ഷിച്ചതേയല്ല. . ക്യാന്‍സറിന്റെ മൂന്നാം ഘട്ടത്തിലെത്തിയിരുന്നു. ഞാന്‍ നന്നെ ചെറുപ്പവുമായിരുന്നു.
'ഷൂട്ടിന് ചെല്ലും. കഴിഞ്ഞാല്‍ തിരിച്ച് മുറിയിലേക്ക് മടങ്ങും. അതായിരുന്നു അന്നത്തെ ദിനചര്യ. റൂമിലെത്തിയാല്‍ കരച്ചില്‍ തുടങ്ങും. മുറിയില്‍ ഒറ്റക്കിരുന്ന് കരയും. ഷോട്ട് റെഡിയെന്നു പറയുമ്പോള്‍ മുഖത്ത് മേക്കപ്പ് ധരിച്ച് വീണ്ടും ഷൂട്ടിനെത്തും. കടുത്ത തലവേദനയുമുണ്ടാകാറുള്ള കാലമായിരുന്നു. ചിലപ്പോള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നൊക്കെ ചാടാന്‍ തോന്നും, മൈഗ്രെയ്ന്‍ ഉള്ള ആളുകള്‍ക്ക് അറിയാം അതിനെപ്പറ്റി. അങ്ങനെയൊക്കെയായിരുന്നു അന്ന്. ഷൂട്ട് മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം.
ഒരു ഇരുപതു മിനിട്ട് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് മുറിയിലേക്ക് കുറെ ആളുകള്‍ കയറി വരികയാണ്. മുമ്പെക്കൂട്ടി അറിയിക്കുകയോ ഒന്നും ചെയ്യാതെ. പ്രശസ്തരായ ആളുകളെയൊക്കെ അറിഞ്ഞു വയ്ക്കുന്ന ആളൊന്നുമല്ല, ഞാന്‍. അവരെ അറിയില്ല. ഞാന്‍ അവരോട് പറഞ്ഞു. നമുക്ക് പിന്നീട് സംസാരിക്കാം. സമയം നിശ്ചയിച്ച് ഹോട്ടലിലോ മറ്റോ മീറ്റ് ചെയ്യാമെന്ന്.
അവരുടെ ഈഗോവിനെ അത് വേദനിപ്പിച്ചു. അതാണ് സംഭവിച്ചത്. എനിക്കല്ല, അവര്‍ക്കാണ് ഈഗോ. അന്ന് വന്നതാരാണെന്നു പോലും പിന്നീട് ഞാന്‍ അന്വേഷിച്ചിട്ടില്ല. അറിയണമെന്നേ ഇല്ല എനിക്ക്. ആ സംഭവത്തിന് ഞാന്‍ പ്രാധാന്യമേ കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ സംഭവം എന്റെ അഭിനയജീവിതത്തെ ബാധിച്ചുവെന്നും കരുതുന്നില്ല. കാരണം, അതിനു ശേഷമാണ് ഞാന്‍ ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കുന്നത്.' നിത്യ പറഞ്ഞു.