മൂക്കുത്തി അമ്മന്‍ രണ്ടാം ഭാഗത്തിലും നയന്‍താര തന്നെ നായിക. നന്മയ്ക്ക് അവളുടെ അനുഗ്രഹം ലഭിക്കട്ടെ. തിന്മ അവളുടെ കാല്ക്കല് പതിക്കട്ടെ എന്ന കുറിപ്പോടെ നയന്‍താരയുടെ ചിത്രം സഹിതം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തുകയായിരുന്നു.
നയന്‍താരയെ നായികയാക്കി ആര് ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമായിരുന്നു മൂക്കുത്തി അമ്മന്‍. നയന്താരയ്ക്കൊപ്പം ആര് ജെ ബാലാജിയും പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ് ചെയ്തത്. ചിത്രം വന്‍ അഭിപ്രായം നേടിയിരുന്നു.
ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായും പുതിയ മൂക്കുത്തി അമ്മനായി തൃഷ എത്തുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളി മൂക്കുത്തി അമ്മന്‍ 2 പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
രണ്ടാം ഭാഗത്തില്‍ നടി തൃഷയായിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2020 ല്‍ ആര്.ജെ. ബാലാജി, എന്‍.ജെ. ശരവണന് എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ഉര്‍വശി, അജയ് ഘോഷ് എന്നിവരാണ് മറ്റു താരങ്ങള്‍.
ആര് ജെ ബാലാജി പുതിയ ചിത്രത്തില്‍ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാലാജിക്കും നയന്താരയ്ക്കുമൊപ്പം ഉര്‍വശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കോടി, അഭിനയ, മൗലി, അജയ് ഘോഷ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു ലോക്കല്‍ ടിവി റിപ്പോര്‍ട്ടറായിട്ടായിരുന്നു ബാലാജി ചിത്രത്തില്‍ എത്തിയത്. അതേസമയം തൃഷയെ നായികയാക്കി സമാന സ്വഭാവത്തിലുള്ള ചിത്രം ഒരുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.