ചുരുങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി പേരെടുത്ത കൊച്ചു സുന്ദരിയാണ് ബേബി നയന്‍താര എന്ന നയന്‍താര ചക്രവര്‍ത്തി. കിലുക്കം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ സിനിമയിലേക്ക് ചുവടു വച്ച ബേബി നയന്‍താര ഇന്ന് ബേബിയല്ല. തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍ രൂപമാറ്റം വന്ന അതിസുന്ദരിയായ 21കാരി പെണ്‍കുട്ടിയാണ് നയന്‍താര ഇപ്പോള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ സൂചനയെന്നോണമാണ് നയന്‍താരയുടെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരത്തെ മണിനാഥ് ചക്രവര്‍ത്തി - ബിന്ദു മണിനാഥ് ദമ്പതികളുടെ മൂത്തമകളാണ് നയന്‍താര. നയന്‍താരയ്ക്ക് അയാന്‍ ചക്രവര്‍ത്തി എന്ന കൊച്ചനുജനും ഉണ്ട്. തന്റെ മൂന്നാം വയസിലാണ് നയന്‍താര അഭിനയലോകത്തേക്ക് ചുവടു വയ്ക്കുന്നത്. തിരുവനന്തപുരത്തെ പ്രശസ്തമായ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വരെ പഠിച്ച നയന്‍താര പിന്നീട് കൊച്ചിയിലെ ദ ചോയിസ് സ്‌കൂളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അപ്പോഴേക്കും സിനിമാ രംഗത്ത് തിരക്കുള്ള ബാലതാരമായി നയന്‍താര മാറിയിരുന്നു. തുടര്‍ന്നാണ് കൊച്ചിയിലേക്ക് മാറിയത്.
കിലുക്കം കിലുകിലുക്കം, സ്വര്‍ണം, ലൗഡ് സ്പീക്കര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, മറുപടി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച നയന്‍താര ഒന്‍പതാം ക്ലാസില്‍ എത്തിയതോടെയാണ് അഭിനയലോകത്തു നിന്നും താല്‍ക്കാലികമായി മാറിനിന്നത്. അപ്പോഴേക്കും സിനിമകളില്‍ മാത്രമല്ല, ദ ചെന്നൈ സില്‍ക്സ്, ആര്‍എംകെവി സില്‍ക്സ്, സില്‍വര്‍ സ്റ്റോം പാര്‍ക്ക്സ് തുടങ്ങിയവയുടെയെല്ലാം പ്രശസ്തമായ പരസ്യങ്ങളിലും നയന്‍താര അഭിനയിച്ചിരുന്നു.
പത്തു വര്‍ഷത്തോളം ബാലതാരമായി തിളങ്ങി നിന്ന നയന്‍താര മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും ഹിന്ദിയിലും തമിഴിലുമെല്ലാം അഭിനയിക്കുകയും ചെയ്തിരുന്നു. മികച്ച ബാലതാരത്തിനുള്ള സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അതിനിടെ ഈ കുട്ടിത്താരത്തെ തേടി എത്തിയിരുന്നു. മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ് നയന്‍താര പതിനാലാം വയസില്‍ ഒരിടവേളയെടുക്കുന്നത്. അതിനു പിന്നില്‍ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, പത്താം ക്ലാസിലേക്ക് പോകുകയാണ് എന്നതും രണ്ടാമത്തേത് ബേബി എന്ന ടാഗ് ലൈന്‍ മാറ്റാന്‍ മാറി നില്‍ക്കണം എന്നതുമായിരുന്നു. അങ്ങനെയിരിക്കെ പത്തു കഴിഞ്ഞ് പ്ലസ് വണ്ണില്‍ എത്തിയപ്പോഴേക്കും നായികയാകാനുള്ള അവസരങ്ങള്‍ വന്നു തുടങ്ങിയിരുന്നു.
എന്നാല്‍ അതൊന്നും അപ്പോള്‍ സ്വീകരിച്ചില്ല. പത്തു പോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്ലസ് ടുവും. പഠനത്തിന് തടസം നേരിടും എന്നതിനാല്‍ തന്നെ ആ ഓഫറുകളൊന്നും സ്വീകരിച്ചില്ല. ഇപ്പോഴിതാ, ജെന്റില്‍മാന്‍ എന്ന സിനിമയിലൂടെ നായികയായി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഇപ്പോഴത്തെ നടിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ പഴയ നയന്‍താരയാണെന്ന് ആരും പറയില്ല. കാരണം, അത്രയും വലിയ രൂപമാറ്റമാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. മുഖത്തെ ആ പഴയ നിഷ്‌കളങ്കത്വം എല്ലാം മാറി ഒരു പുതിയ നടിയാണെന്നെ നയന്‍താരയെ കണ്ടാല്‍ ആരും പറയുകയുള്ളൂ. അതേസമയം, ഈ വലിയ മാറ്റത്തിനു കാരണം, സ്റ്റീറോയിഡ് എടുത്തതാണോ, അതോ വല്ല ഇന്‍ഞ്ചക്ഷനും ചെയ്‌തോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. അങ്ങനെ ഒരു സംഭവമേ നയന്‍താര ചെയ്തിട്ടില്ല.
എന്നാല്‍ തന്റെ ഭക്ഷണശീലമാണ് ഈ മാറ്റത്തിനു കാരണമെന്ന് നടി തുറന്നു പറയുന്നു. ബേബി ആര്‍ട്ടിസ്റ്റായി തിളങ്ങിയിരുന്ന കാലത്ത് ഭക്ഷണമേ കഴിക്കില്ലായിരുന്നു. പത്താം ക്ലാസ് ഒക്കെ കഴിഞ്ഞപ്പോഴാണ് ശരിയായ രീതിയില്‍ ആഹാരം കഴിക്കുന്ന നിലയിലേക്ക് എത്തിയത്. പിന്നീട് സ്പോര്‍ട്സിലേക്ക് തിരിഞ്ഞ കാലത്ത് സ്‌കിന്‍ വളരെയധികം നിറം മങ്ങുകയും ചെയ്തു. എന്നാല്‍ കോളേജിലേക്ക് എത്തിയപ്പോഴേക്കും അതിനെല്ലാം തനിയെ മാറ്റം വരികയായിരുന്നു.