തമിഴ് അഭിനേതാക്കളുടെ സംഘടനയായ 'നടികര്‍ സംഘ'ത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം. സംഘടനയ്ക്ക് അന്തരിച്ച നടന്‍ വിജയകാന്തിന്റെ പേര് നല്‍കണമെന്നാണ് ആവശ്യം. 2000 മുതല്‍ 2006 വരെ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് ആയിരുന്നു വിജയകാന്ത്.
നൃത്തസംവിധായകനും നടനുമായ ജാഗ്വാര്‍ തങ്കമാണ് നടികര്‍ സംഘത്തിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്. നടികര്‍ സംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് വിജയകാന്ത്. ധനസമാഹരണ പരിപാടികളിലൂടെ സംഘടനയുടെ 450 കോടി രൂപയുടെ കടബാധ്യത വിജയകാന്ത് തീര്‍ത്തിരുന്നു.
2006ല്‍ വിജയകാന്ത് സ്ഥാനമൊഴിയുമ്പോള്‍ ഒരു കോടി രൂപയുടെ ബാങ്ക് നിക്ഷേപം സംഘടനയ്ക്ക് ഉണ്ടായിരുന്നു. അഭിനേതാക്കളെ ഒരുമിച്ച് നിര്‍ത്തുന്നതിലും വിജയകാന്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് ആയിരുന്നു വിജയകാന്ത് അന്തരിച്ചത്. മൃതദേഹം ഇന്നലെ വൈകിട്ട് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്ത് സംസ്‌കരിച്ചു.
ന്യൂമോണിയ ബാധിതനായിരുന്ന വിജയകാന്തിനെ കൊവിഡും ബാധിച്ചിരുന്നു. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു വിജയകാന്ത്.
വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം. 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ.