സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ സാധാരണയാണ്. തമിഴകത്ത് ഇതൊരു പതിവ് കാഴ്ചയാണെങ്കിലും മലയാളത്തിലേക്ക് ഈ രിതി കടന്നുവന്നിട്ട് അധികകാലം ആയിട്ടില്ല. നടന്‍ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാര്‍, ഇന്നസെന്റ് തുടങ്ങിയവര്‍ ഇത്തരത്തില്‍ സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് കാല്‍ വെച്ചവരാണ്. മോഹന്‍ലാല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മമ്മൂട്ടിയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്നാല്‍ ഈ ചോദ്യത്തിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രീയപ്പെട്ട മെഗാസ്റ്റാര്‍.
യാത്ര സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട തെലുങ്ക്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാ്ണ് താരം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. 38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം?- മമ്മൂട്ടി ചോദിക്കുന്നു. കേരളത്തില്‍ ഇടതുപക്ഷ പാര്‍ട്ടിയുടെ ചൂക്കാന്‍ പിടിക്കുന്ന ചാനലായ കൈരളി ടിവിയുടെ ചെയര്‍മാനായി തുടരുന്ന താരം സി.പി.എം ടിക്കറ്റില്‍ ലോക്്‌സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതിനുള്ള മറുപടി ഇപ്പോള്‍ മമ്മൂട്ടി തന്നെ പരസ്യമായി നല്‍കിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമാണ് യാത്ര. പുതുമുഖ സംവിധായകനായ മഹി വി.രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം ഫെബ്രുവരി എട്ടിന് തിയറ്ററുകളിലെത്തും