പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് നടി മീരാ നന്ദന്‍ വിവാഹിതയാകുന്നു. ശ്രീജു എന്ന ലണ്ടന്‍കാരന്‍ പയ്യനാണ് മീരയുടെ കഴുത്തില്‍ താലിചാര്‍ത്തുവാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നടി തന്നെയാണ് 'ഇനി ഒന്നിച്ചുള്ള ജീവിതം' എന്ന ക്യാപ്ഷനോടെ മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. രണ്ടു ചിത്രങ്ങള്‍ മാത്രമാണ് നടി പങ്കുവച്ചതെങ്കിലും എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ പകര്‍ത്തിയ 'ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ്' ന്റെ പേജുകളില്‍ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ 'പെര്‍ഫെക്ഷനിലക്ക് അറേഞ്ച് ചെയ്യപ്പെട്ട സ്നേഹം' എന്ന തലകെട്ടോടെ മീരയുടെ പുതിയ തുടക്കത്തെ കുറിച്ചുള്ള ഒരു ചെറിയ കുറിപ്പും ചേര്‍ത്തിട്ടുണ്ട്.
'ഒരു മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കള്‍ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ... എന്നാല്‍ അതിന്റെതായ പ്രത്യേകതകളുമുണ്ട്, അവര്‍ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ചെലവഴിക്കാന്‍ തീരുമാനിക്കുന്നു.' എന്നതാണ് മീരയുടെയും ശ്രീജുവിന്റെയും പ്രണയകഥയുടെ സാരാംശമായി ചേര്‍ത്തിരിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ സിനിമാലോകത്തേക്ക് എത്തുന്നത്. ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന്‍ ലാല്‍ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. 'മുല്ല'യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളില്‍ അഭിനയിച്ചു. 'കറന്‍സി,' 'വാല്മീകി', 'പുതിയ മുഖം,' 'കേരളാ കഫേ,' 'പത്താം നിലയിലെ തീവണ്ടി' എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. വളരെ കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ മീരയ്ക്കു സാധിച്ചു.
തുടര്‍ന്ന് 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ 'ശാന്തമാരുത'നെന്ന സിനിമയില്‍ അഭിനയിച്ചത്. അടുത്തിടെ 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഏറെക്കാലമായി ആരാധകര്‍ നടിയോട് വിവാഹത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇതു സംബന്ധിച്ചുള്ള ഇന്റര്‍വ്യൂകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതിലൊന്നും വിവാഹനിശ്ചയത്തെ കുറിച്ചുള്ള യാതൊരു സൂചനകളും നല്‍കിയിരുന്നില്ല. എന്നാല്‍ മണിക്കൂര്‍ കഴിയും മുന്നേയാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.ഇപ്പോഴിതാ, താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് വിവാഹാശംസകളേകുന്നത്.