മധു മുട്ടം എഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസായി 31 വര്‍ഷം പിന്നിടുമ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായി നിലകൊള്ളുകയാണ്. മലയാളത്തിന്റെ ക്ലാസിക് സിനിമകളില്‍ പലരും ആദ്യം പറയുന്ന പേരുകളില്‍ ഒന്നായ ഈ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്ന് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും.നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്തു ചിത്രം വീണ്ടും തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ മലയാളത്തിലെ സിനിമ പ്രേമികള്‍ക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആവും.
1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പന്‍ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.
മലയാളികളുടെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ആ സിനിമയുടെ ഭാഗമായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രം കൂടെയാണ് മണിച്ചിത്രത്താഴ്.