Latest News

ബാന്ദ്രാ വെസറ്റിലെ സദ്ഗുരു ശരണിനുള്ളത് 13 നിലകള്‍; അതില്‍ മുകളിലത്തെ 4 നിലകളില്‍ 10000 ചതുരശ്ര അടി വസതി; കരീനയും കുട്ടികളുമൊത്ത് ബോളിവുഡ് നടന്‍ താമസിച്ചിരുന്നത് 11-ാം നിലയില്‍; സെക്യൂരിറ്റിയേയും ക്യാമറകളേയും വെട്ടിച്ച് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കള്ളന്‍ എങ്ങനെ കയറി? 

Malayalilife
 ബാന്ദ്രാ വെസറ്റിലെ സദ്ഗുരു ശരണിനുള്ളത് 13 നിലകള്‍; അതില്‍ മുകളിലത്തെ 4 നിലകളില്‍ 10000 ചതുരശ്ര അടി വസതി; കരീനയും കുട്ടികളുമൊത്ത് ബോളിവുഡ് നടന്‍ താമസിച്ചിരുന്നത് 11-ാം നിലയില്‍; സെക്യൂരിറ്റിയേയും ക്യാമറകളേയും വെട്ടിച്ച് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കള്ളന്‍ എങ്ങനെ കയറി? 

തീവ സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തില്‍ അതിക്രമിച്ചു കയറി നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ചത് തീര്‍ത്തും അസാധാരണം. അതീവ സുരക്ഷാ മേഖലയാണ് ഇവിടെ. മുംബൈ നഗരത്തില്‍ ആരും സുരക്ഷിതരല്ല. പ്രധാനമന്ത്രിയെ വരെ നേരിട്ട് എപ്പോള്‍ വേണമെങ്കിലും കാണാന്‍ കഴിയുന്ന, സ്വന്തമായി സുരക്ഷാസംഘമുള്ള നടന് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന സെയ്ഫ് അലി ഖാന്റെ ചിത്രം പങ്കുവച്ച് പലരും ചോദിച്ചത് ഈ ചോദ്യമാണ്.

അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റില്‍ സെന്റ് തെരേസാ സ്‌കൂളിനു സമീപമുള്ള സദ്ഗുരു ശരണ്‍ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളില്‍ 10000 ചതുരശ്ര അടി വസതിയാണ് സെയ്ഫ് അലി ഖാന്റേത്. 10ാം നിലയില്‍ അതിഥികളുടെ മുറികള്‍. നടനും കുടുംബവും 11-ാം നിലയിലാണ് താമസം. വീട്ടു ജോലിക്കാരും അടുക്കളയും 12-ാം നിലയിലാണുള്ളത്. സ്വിമ്മിങ് പൂളും ജിമ്മും 13-ാം നിലയിലും. കെട്ടിടത്തിന്റെ ഗേറ്റിലും ലിഫ്റ്റിനു മുന്നിലും സുരക്ഷാ ജീവനക്കാരുണ്ട്. സുരക്ഷാ ജീവനക്കാരുടെ വിരലടയാളം ഉപയോഗിച്ചാല്‍ മാത്രമേ ലിഫ്റ്റ് തുറക്കുകയുള്ളൂ. 

അതിനാല്‍, അവര്‍ അറിയാതെ ലിഫറ്റ് വഴി ആര്‍ക്കും മുകളിലേക്കു പോകാനാകില്ല. പക്ഷേ, അക്രമി കയറിയത് തീപിടുത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള ഗോവണി വഴി എന്നാണ് വിലയിരുത്തല്‍. കഴുത്തില്‍ ടവലും ഷോള്‍ഡര്‍ ബാഗും ധരിച്ചിരുന്ന ഇയാള്‍ ഇറങ്ങിപ്പോയത് പുലര്‍ച്ചെ 2.33നെന്നും വ്യക്തം. കുട്ടികളുടെ മുറിയുടെ ഭാഗത്തു നിന്ന് ആയയുടെ ശബ്ദം കേട്ട് സെയ്ഫ് അലി ഖാന്‍ ഉണരുന്നു. അവിടെയെത്തിയപ്പോഴാണ് അജ്ഞാതനെ കണ്ടത്. തകര്‍ക്കത്തിനിടെ അക്രമി കത്തിയെടുത്തു. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സെയ്ഫ് അലി ഖാന് ശരീരത്തില്‍ പലയിടത്ത് കുത്തേറ്റു. . മുറിവുകളുമായി പുലര്‍ച്ചെ മൂന്നിന് നടനെ മുംബൈ ലീലാവതി ആശുപത്രിയില്‍ എത്തിക്കുന്നു. ആകെ 6 കുത്തേറ്റു. ആഴത്തില്‍ മൂന്നു മുറിവുകളും. സല്‍മാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്മെന്റിന്റെ രണ്ടര കിലോമീറ്റര്‍ ചുറ്റളവിലാണ് 'സദ്ഗുരു ശരണ്‍'. സല്‍മാന്റെ വസതിക്കു നേരെ വെടിവയ്പുണ്ടായ ശേഷം മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കിയെന്നായിരുന്നു പൊലീസിന്റെ അവകാശവാദം. സുരക്ഷാ ജീവനക്കാര്‍ അറിയാതെ എങ്ങനെ അക്രമി പതിനൊന്നാം നിലയിലെ വീട്ടിലെത്തിയെന്നതില്‍ വ്യക്തമായ ഉത്തരമില്ല.

ഖാന്റെ വസതിയില്‍ ആരുടെയും കണ്ണില്‍പ്പെടാതെ എത്തുകയും വീട്ടിനുള്ളിലും ആശയക്കുഴപ്പമില്ലാതെ നടക്കുകയും അക്രമത്തിനു ശേഷം സ്റ്റെയര്‍ കേസിലൂടെ എളുപ്പം രക്ഷപ്പെടുകയുമായിരുന്നു പ്രതി. അക്രമിക്ക് കെട്ടിടത്തിന്റെ ഘടന നേരത്തെ വശമുണ്ടായിരുന്നോ എന്നതും ഉയരുന്ന ചോദ്യമാണ്. ആറാം നിലയിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് അക്രമിയുടെ ദൃശ്യം ലഭിച്ചത്. മറ്റിടങ്ങളിലെ ക്യാമറകളില്‍ എന്തുകൊണ്ട് ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞില്ലെന്നതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്. 

നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവയ്പ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകം എന്നിവയ്ക്കു പിന്നാലെയാണ് സെയ്ഫ് അലി ഖാനു നേരെ കൂടി ആക്രമണമുണ്ടാകുന്നത്. അതിസമ്പന്നരുടെയും സിനിമാതാരങ്ങളുടെയും കേന്ദ്രമായ ബാന്ദ്ര 'കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി' മാറുകയാണ്. 2024 ഏപ്രില്‍ 14ന് ആയിരുന്നു സല്‍മാന്റെ വസതിക്ക് നേരെ വെടിവയ്പ്. ഒക്ടോബര്‍ 12ന് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടു.

ഡിസംബര്‍ 9ന് ബീഡ് ജില്ലയിലെ സര്‍പഞ്ചിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. നടന്‍ സെയ്ഫ് അലി ഖാനെ അക്രമി കുത്തി പരുക്കേല്‍പ്പിച്ചതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലുങ്ക് നടന്മാരായ ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഖാന്‍ അപകടനില തരണം ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ കയറിയ യുവാവ് കത്തികൊണ്ട് 6 തവണയാണ് സെയ്ഫിനെ കുത്തിയത്. നട്ടെല്ലിനു സമീപത്തു നിന്ന് കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഭാര്യയും നടിയുമായ കരീന കപൂറും മക്കളും ജോലിക്കാരും സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നു. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരുടെയും സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് അക്രമി 11ാം നിലയിലാണ് കടന്നുകയറിയത്. മോഷണത്തിനാണ് യുവാവ് എത്തിയതെന്നും തടയാനുള്ള ശ്രമത്തിനിടെയാണ് നടനു കുത്തേറ്റതെന്നും പൊലീസ് അറിയിച്ചു. ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ വീട്ടുജോലിക്കാര്‍ ഓട്ടോ വിളിച്ചാണ് പുലര്‍ച്ചെ മൂന്നിന് സെയ്ഫിനെ സമീപത്തെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്.

Actor Saif Ali Khan Bandra house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES