കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. അച്ഛന്റെ വഴിയെ സിനിമയിലെത്തിയ കാളിദാസും തെന്നിന്ത്യയില്‍ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ അച്ഛനും മകനും കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ചടങ്ങില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. വിദേശ പഠനത്തിന് സൗകര്യമൊരുക്കുന്ന സ്ഥാപനത്തിന്റെ, ബ്രാന്‍ഡ് അംബാസഡര്‍മാരായി ജയറാമിനേയും മകന് കാളിദാസ് ജയറാമിനേയും കഴിഞ്ഞ ദിവസം നിയമിച്ചു. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ചടങ്ങില്‍ വച്ചാണ് ഇരുവരും കരാറില്‍ ഒപ്പുവെച്ചത്.ഇതിന് ശേഷം രണ്ടുപേരും നടത്തിയ പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കരാറില്‍ ഒപ്പിട്ട കാളിദാസ് പറഞ്ഞത്, ''ഏറ്റവും വലിയ കോമഡി രണ്ട് പഠിത്തമില്ലാത്ത ആളുകളാണ് ഇതിന്റെ ബ്രാന്റ് അംബാസിഡേഴ്സ് എന്നതാണ്. ഞാന്‍ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു...'' എന്നാണ്. മകന്റെ വാക്കുകള്‍ കേട്ട് ജയറാമും വേദിയിലും സദസിലുമുള്ളവരുമെല്ലാം പൊട്ടിച്ചിരിച്ചു.
പിന്നാലെ ജയറാമും പ്രസംഗിക്കാനെത്തി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തനിക്ക് ഉള്ളൊരു അനുഭവവമാണ് ജയറാം പങ്കുവച്ചത്. ''കാളി പറഞ്ഞത് രണ്ട് വിദ്യാഭ്യാസമില്ലാത്തവരെയാണ് ഇവര്‍ ബ്രാന്റ് അംബാസിഡേഴ്സായി എടുത്തിരിക്കുന്നതെന്നാണ്. മലയാളത്തിലെ പ്രശസ്തമായ പത്രം എറണാകുളത്ത് വിദ്യാരംഭത്തിന്റെ അന്ന് വിദ്യ കുറിക്കാന്‍ വേണ്ടി രണ്ട്, മൂന്ന് വര്‍ഷം എന്നെ വിളിക്കുമായിരുന്നു.
പിന്നീട് എനിക്കൊപ്പം ഹരിശ്രീ കുഞ്ഞുങ്ങളെ എഴുതിക്കാന്‍ ഇരിക്കുന്നവരൊക്കെ കംപ്ലെയ്ന്റ് ചെയ്തു. ഇനി മുതല്‍ ജയറാം വരികയാണെങ്കില്‍ ഞങ്ങള്‍ വരില്ലെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് അവര്‍ എന്നെ പിന്നെ അതില്‍ നിന്നും ഒഴിവാക്കി. ആ മൂന്ന് വര്‍ഷം ഞാന്‍ ആ പരിപാടിയുടെ ഭാഗമായപ്പോള്‍, എനിക്കൊപ്പം ഉള്ളവരെല്ലാം അങ്ങേയറ്റം വിദ്യാഭ്യാസമുള്ളവരാണെന്ന് മനസ്സിലായി. ഐഎഎസ് ഉള്ളവര്‍ വരെയുണ്ട്.
അവരുടെ കൂട്ടത്തില്‍ ഞാനാണ് ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞയാള്‍. ഏകദേശം ആയിരം കുട്ടികളോളം അക്ഷരം കുറിക്കാന്‍ വരും. അതില്‍ 800 കുട്ടികളും എന്റെ അടുത്ത് ഹരിശ്രീ കുറിക്കാന്‍ വരും. ബാക്കി 200 പേര് മറ്റുള്ളവരുടെ അടുത്തേക്ക് പോകും. എന്റെ അടുത്ത് ക്യൂ നീളുമ്പോള്‍ ബാക്കിയുള്ളവരുടെ അടുത്ത് ആരും ഇല്ല.
അവര്‍ സ്വയം അരിയില്‍ എഴുതിയും വരച്ചും ഇരിക്കുകയാണ്. അതുകൊണ്ടാണ് എന്നെ ഒഴിവാക്കിയത്. എന്റെ അടുത്ത് വരുന്ന കുട്ടികളുടെ മാതാപിതാക്കളോട് ഞാന്‍ ചോദിക്കും. അപ്പുറത്ത് ഒരുപാട് നല്ല വിദ്യാഭ്യാസമുള്ളവര്‍ ഇരിക്കുന്നുണ്ടല്ലോ... കുട്ടികള്‍ നന്നായി പഠിക്കണ്ടേ?.
അവരുടെ അടുത്തേക്ക് കൊണ്ടുപോകാമായിരുന്നില്ലേയെന്ന്. അപ്പോള്‍ അവര്‍ പറയും... ഞങ്ങളുടെ മോന് ജയറാമായാല്‍ മതി. അത്രയും വിദ്യാഭ്യാസം ഞങ്ങളുടെ കുട്ടിക്ക് വേണ്ട... അതുകൊണ്ട് അവന് ജയറാം ആകണേയെന്ന് പ്രാര്‍ത്ഥിക്കണെ തലയില്‍ കൈവെച്ച് എന്ന് പറയും.അതുകൊണ്ട് തന്നെ ഇത്രയും വിദ്യാഭ്യാസം മതി കണ്ണാ...'' ജയറാം പറഞ്ഞു.