കരുത്തുറ്റ വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരം മുന്നോട്ടുപോകുന്നത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. കാന്‍സറിനോട് പോരാടി തോല്‍പ്പിച്ച താരം ലോകത്തിനു തന്നെ മാതൃകയായിരുന്നു. ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിയിലൂടെയാണ് താരം കടന്നുപോകുന്നത്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്രോഗം ബാധിച്ചിരിക്കുകയാണ് താരത്തെ.
സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം പങ്കുവച്ചത്. ഇപ്പോള്‍ രോഗം തമ്മില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ മൂന്നു മാസങ്ങള്‍ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് താരം പറയുന്നത്. ഓരോ ദിവസവും വെള്ളയായിക്കൊണ്ടിരിക്കുകയാണെന്നും ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണെന്നുമാണ് മംമ്ത പറഞ്ഞത്. തനിക്ക് ഇപ്പോള്‍ ബ്രൗണ്‍ മേക്കപ്പ് ഇടേണ്ട അവസ്ഥയാണെന്നും വ്യക്തമാക്കി. തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.
അസുഖത്തെ തുടര്‍ന്ന് നാട്ടില്‍വച്ച് നേരിടേണ്ടിവന്ന മോശം അവസ്ഥയെക്കുറിച്ചും താരം പറഞ്ഞു. ''അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാന്‍ നാട്ടില്‍ വന്ന് പമ്പില്‍ എണ്ണ അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു 'അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ' എന്ന്. അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.- മംമ്ത വ്യക്തമാക്കി.
മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് ശരീരത്തില്‍ വെളുത്ത കുത്തുകള്‍ വരുന്നതായി മംമ്ത ശ്രദ്ധിച്ചത്. അതു പിന്നീട് മുഖത്തേയ്ക്കും കഴുത്തിലേക്കും കൈപ്പത്തിയിലേക്കും പടര്‍ന്നു. മരുന്നു കഴിച്ചെങ്കിലും ശ്വാസകോശത്തിനു കുഴപ്പങ്ങള്‍ വന്നതിനാല്‍ അതു നിയന്ത്രിച്ച് വന്നപ്പോഴേക്കും പാടുകള്‍ വലുതാകാന്‍ തുടങ്ങിയിരുന്നു.
കാന്‍സര്‍ വന്നപ്പോള്‍ എന്റെ ശക്തി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. മംമ്ത നീ സ്ട്രാങ്ങ് ആണെന്ന് മനസ്സു പറഞ്ഞു കൊണ്ടിരിക്കും ഇത്തവണ അതുണ്ടായില്ല. ഇരുട്ടിലേക്കു വീണു പോയി.സുഹൃത്തുക്കള്‍ക്കു ഫോണ്‍ ചെയ്തില്ല. ദിവസങ്ങളോളം ഞാന്‍ ഇരുന്നു കരഞ്ഞു ബുദ്ധിമുട്ടേറിയ ദിവങ്ങളെക്കുറിച്ച് മംമ്ത പറഞ്ഞു. ക്യാമറയ്ക്കു മുന്‍പില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ തനിക്കിത് താങ്ങാവുന്നതിലുമപ്പുറം ആയിരുന്നെന്ന് താരം പറയുന്നു.
മാസങ്ങളോളം ഒറ്റയ്ക്കായിരുന്നു. ഒടുവില്‍ മനസ്സിലായി ഒളിച്ചിരിക്കല്‍ എന്നെ ഇല്ലാതാക്കുമെന്നത്. അങ്ങനെ അമ്മയും അച്ഛനും ഞാനും അതിരപ്പിള്ളിയിലേക്ക് ഒരു യാത്ര പോയി. അവിടെ വച്ചാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഫൊട്ടൊ പോസ്റ്റു ചെയ്തപ്പോള്‍ മനസ്സ് ശാന്തമായി. എന്തു പറ്റിയെന്നു ചോദിക്കുന്നവരോട് തമാശയ്ക്കെങ്കിലും പറയാലോ ഇന്‍സ്റ്റ പേജ് നോക്കാന്‍ മംമ്ത പറഞ്ഞു.
ആസിഫ് അലിയ്ക്കൊപ്പമുള്ള മഹേഷും മാരുതിയുമാണ് മംമ്തയുടെ പുതിയ ചിത്രം. സേതു സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രം ഫെബ്രുവരിയില്‍ റിലീസിനെത്തും. മണിയന്‍ പിള്ള രാജു ആണ് ചിത്രത്തിന്റെ നിര്‍മാണം.
രണ്ടു തവണ കാന്‍സറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. അപാരമായ മനക്കരുത്തോടെ കാന്‍സറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു താരം. വ്യായാമം എന്നതിന് തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പലപ്പോഴും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ മംമ്ത വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ലെന്നും പുതിയൊരു അസുഖവുമായുള്ള പോരാട്ടത്തിലാണ് താനെന്നും തുറന്നുപറഞ്ഞിരുന്നു മംമ്ത . തനിക്ക് ഓട്ടോ ഇമ്യൂണ്‍ ഡിസീസാണെന്നാണ് മംമ്ത വെളിപ്പെടുത്തിയത്.ഓട്ടോ ഇമ്യൂണ്‍ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമാണ് തനിക്കെന്ന് ഹാഷ് ടാഗുകളില്‍ മംമ്ത സൂചിപ്പിച്ചിരുന്നു.