അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. ഈ രോഗാവസ്ഥ നേരിട്ട ഒരുപാട് പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തി കൂടിയാണ്..എന്നാലിപ്പോള്‍ മറ്റൊരു പോരാട്ടത്തിലാണ് അവര്‍.
കഴിഞ്ഞ വര്‍ഷമാണ് ഓട്ടോ ഇമ്യൂണ്‍ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം തന്നെ പിടികൂടിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ മംമ്ത പങ്കുവച്ചത്. ഇപ്പോളിതാ
ലോക വിറ്റിലിഗോ ദിനത്തില്‍ മംമ്ത പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. 'വാനില ആകാശത്തെ തൊടാന്‍ വളരുന്ന ചോക്ലേറ്റ്,' എന്നാണ് വിറ്റിലിഗോ ബാധിച്ച തന്റെ ചിത്രം പങ്കുവച്ച് മംമ്ത കുറിച്ചത്. വിറ്റിലിഗോയിലൂടെ കടന്നുപോവുന്നവര്‍ക്ക് വളരെയേറെ പോസിറ്റിവിറ്റി നല്‍കുന്ന ഈ കുറിപ്പിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
വേള്‍ഡ് വിറ്റിലിഗോ ദിനം, കരുത്ത്, കീഴടക്കുക, ആറ്റിറ്റിയൂഡ്, പോസിറ്റീവ് മൈന്‍ഡ് സെറ്റ്, ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍, നിങ്ങളുടെ ചര്‍മ്മത്തെ സ്‌നേഹിക്കുക തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മംമ്ത ചിത്രം പങ്കുവച്ചത്.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍ക്കും സൂര്യ ഇഷാനും നന്ദി പറയുന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. എല്ലാ ദിവസവും ക്യാമറയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതിന് ഇരുവര്‍ക്കും താരം നന്ദി പറയുന്നു. രഞ്ജുവും സൂര്യയുമില്ലാതെ തന്റെ ജീവിതത്തിന്റെ ഈ ഘട്ടം സങ്കല്‍പിക്കാന്‍ പോലുമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. രണ്ടു പേരോടും ഒരുപാട് സ്നേഹമുണ്ടെന്നും മംമ്ത കുറിക്കുന്നു...
'നിങ്ങള്‍ ജന്മനാ ഒരു പോരാളിയാണ്. ഈ ധൈര്യത്തിനെയും ഇച്ഛാശക്തിയേയും അഭിനന്ദിക്കുന്നു,' എന്നാണ് ഒരാളുടെ കമന്റ്.
'പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനു?ഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും,' എന്ന കുറിപ്പിനൊപ്പം മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് മംമ്ത കഴിഞ്ഞ വര്‍ഷം താന്‍ ഓട്ടോ ഇമ്യൂണ്‍ അസുഖമായ വിറ്റിലിഗോ നേരിടുകയാണെന്ന് വെളിപ്പെടുത്തിയത്.