എംടി വാസുദേവന്‍ നായര്‍ ഓര്‍മയാകുമ്പോള്‍ നാനാഭാഗത്ത് നിന്നും കഥാകാരന് യാത്രമൊഴികള്‍ നേരുകയാണ് മലയാളത്തെ സ്നേഹിക്കുന്നവര്‍. കൈവെച്ച മേഖലകളില്‍ എല്ലാം ഉയരങ്ങള്‍ കീഴടക്കിയ ഗുരുവിന്റെ വേര്‍പാടിലുള്ള ദു:ഖം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ മമ്മൂട്ടിയും രേഖപ്പെടുത്തി. ഒരു യുഗപ്പൊലിമ മങ്ങി മറയുമ്പോള്‍ തന്റെ മനസ് ശൂന്യമാവുന്നതുപോലെ തോന്നുന്നു എന്നാണ് മമ്മൂട്ടി എഴുതിയത്.
കുറിപ്പ് ഇങ്ങനെ..
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.സ്നേഹിതനെ പ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞ് നിന്നപ്പോള്‍ ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.
അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ് ശൂന്യമാവുന്നതുപോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്.
മമ്മൂട്ടിയുടെ പേരിനൊപ്പം എപ്പോഴും ചേര്‍ത്ത് വെക്കപ്പെടാറുള്ള പേരാണ് വിഖ്യാത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായരുടേത്. എംടിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ എല്ലാവരുടേയും മനസിലേക്ക് ആദ്യം തെളിഞ്ഞ് വന്ന ചിത്രവും മമ്മൂട്ടിയുടെ നെഞ്ചില്‍ ചാഞ്ഞ് നില്ക്കുന്ന എംടിയുടേതാണ്. ഇക്കഴിഞ്ഞ ജൂലൈയില്‍ എംടിയുടെ തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ ആഘോഷത്തിന് മുന്നോടിയായി മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എംടി വാസുദേവന്‍ നായര്‍ കുടുംബസമേതം എത്തിയിരുന്നു.
സന്ദര്‍ശന സമയത്തെ ചിത്രങ്ങളാണ് മമ്മൂട്ടി പ്രിയ ഗുരുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എംടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്മാന്, ഭാര്യ അമാല്‍, ഇരുവരുടേയും മകള്‍ എന്നിവരെ ചിത്രത്തില്‍ കാണാമായിരുന്നു. എംടി വാസുദേവന്‍ നായര്‍ ഗുരുതുല്യനാണെന്ന് മമ്മൂട്ടി പലതവണ പറഞ്ഞിട്ടുണ്ട്.
ഒരുവരും വെള്ളിത്തിരയില്‍ ഒന്നിച്ചപ്പോള്‍ മികച്ച സിനിമകളാണ് മലയാളികള്‍ക്ക് ലഭിച്ചത്. ആസാദ് സംവിധാനം ചെയ്ത് എംടി തിരക്കഥയെഴുതിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ആയിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ ചിത്രം. തൃഷ്ണ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, ഒരു വടക്കന്‍ വീര?ഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും മലയാളികള്‍ക്ക് പുതിയ കാഴ്ച അനുഭവം സമ്മാനിച്ചു.
ഇതില്‍ വടക്കന്‍ വീരഗാഥയിലൂടെ ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ എംടിയും മമ്മൂട്ടിയും നേടിയിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എംടി വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്.