തന്റെ പ്രിയപ്പെട്ട ഉമ്മ വിട വാങ്ങിയതിന്റെ വേദനയിലാണ് മമ്മൂട്ടി. സിനിമാ തിരക്കുകള്‍ക്കിടയിലും കുടംബത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മനസാണ് മമ്മൂക്കയുടേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുമുണ്ട്. കോട്ടയം വൈക്കത്തെ ചെമ്പിലാണ് മമ്മൂക്ക ജനിച്ചതും വളര്‍ന്നതും എല്ലാം. സിനിമാതിരക്കുകളുടെ ഭാഗമായി കൊച്ചിയിലേക്ക് മാറിയെങ്കിലും മമ്മൂട്ടിയുടെ കുടുംബ വീടും പ്രിയപ്പെട്ടവരും എല്ലാം ഇപ്പോഴും ചെമ്പിലാണ് ഉള്ളത്. അതുകൊണ്ടു തന്നെയാണ് ഉമ്മയുടെ മൃതദേഹം ചെമ്പിലെ പള്ളിമുറ്റത്ത് തന്നെ സംസ്‌കരിക്കുവാന്‍ മമ്മൂട്ടി തീരുമാനിച്ചതും.
പള്ളിമുറ്റത്ത് മമ്മൂക്കയുടെ ഉമ്മയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ ഉമ്മയുടെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംസ്‌കാരം ചെമ്പില്‍ നടത്തുവാന്‍ കുടുംബം തീരുമാനിച്ചിരുന്നു. അതുപ്രകാരം ഖബറടക്കത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇപ്പോഴിതാ, പള്ളി മുറ്റത്തിന്റെ ഒരറ്റത്ത് ഉമ്മ ഫാത്തിമയ്ക്ക് ഒരുക്കിയ ഖബറിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പള്ളിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
അതേസമയം, മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടില്‍ നിന്നും പൊതുദര്‍ശനം കഴിഞ്ഞ് മൃതദേഹം കോട്ടയം ചെമ്പിലെ പള്ളിയിലേക്ക് ഉടന്‍ എത്തുന്നതാണ്. പള്ളിയിലെ പുരോഹിതരും നാട്ടുകാരും ബന്ധുക്കളും പ്രിയപ്പെട്ടവരുമെല്ലാം അവിടെയും ഉമ്മയെ ഒരു നോക്കു കാണുവാനുള്ള ഒരുക്കത്തിലാണ്. വര്‍ഷങ്ങളായി കൊച്ചിയില്‍ തന്നെയായിരുന്നു ഉമ്മയുടെ താമസം. മക്കള്‍ക്കൊപ്പം മാറിമാറി താമസിക്കുകയായിരുന്ന ഉമ്മ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കലശലായപ്പോഴാണ് മമ്മൂട്ടിയുടെ വീട്ടില്‍ തന്നെ ആയത്. ഉമ്മയ്ക്ക് മക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ മമ്മൂട്ടി തന്നെയായിരുന്നു.
ജീവിതത്തിലെ തന്റെ ആദ്യ സുഹൃത്ത് ഉമ്മയാണെന്ന് മുന്‍പ് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മാതൃദിനത്തില്‍ ഉമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരുന്നു. മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കാറുണ്ട് ഉമ്മ. എന്റെ അടുത്ത് വന്ന് കഴിഞ്ഞ് രണ്ട് ദിവസമാവുമ്പോഴേക്കും അനിയന്റെ വീട്ടിലേക്ക് പോവണമെന്ന് പറയും. എന്നെ തീരെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പറഞ്ഞ് ഉമ്മയോട് പരിഭവിക്കാറുണ്ട് താനെന്നും മമ്മൂട്ടി മുന്‍പ് പറഞ്ഞിരുന്നു.
ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാല്‍ ഇടറിപ്പോകുന്നയാളാണ് മമ്മൂട്ടിയെന്ന മകന്‍. മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം വലുതാണ്. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്. എന്തുകൊണ്ടാണ് ഇവര്‍ തമ്മില്‍ ഇത്ര അടുപ്പം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്: 'സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളതെന്നാണ് മമ്മൂക്ക തന്ന മറുപടി എന്നായിരുന്നു ആന്റോ ജോസഫ് മുന്‍പ് പറഞ്ഞത്.
എന്തായാലും താരകുടുംബത്തിലുണ്ടായ അപ്രതീക്ഷിത വിയോഗം മമ്മൂട്ടിയേയും പ്രിയപ്പെട്ടവരേയും തളര്‍ത്തി കളഞ്ഞിട്ടുണ്ട്. ഈ നോമ്പു കാലം ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഉമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമ്മ. വാര്‍ധക്യ സഹജമായ അസുഖങ്ങളെല്ലാം മാറി ഈ നോമ്പു കാലം ആഘോഷിക്കാന്‍ ഉമ്മ വീട്ടിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലിരിക്കെയാണ് ഉമ്മയെ മരണം വിളിച്ചത്. ആശുപത്രിയില്‍ സദാസമയവും ഉമ്മയ്‌ക്കൊപ്പം തന്നെയായിരുന്നു മമ്മൂട്ടി ഉണ്ടായിരുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയിലാണ് അദ്ദേഹം മരണവിവരം അറിഞ്ഞത്. തുടര്‍ന്ന് ഉമ്മയുടെ വലതു കൈ മുറുകെ പിടിച്ച് ഉമ്മക്കൊപ്പമുള്ള അവസാന നിമിഷങ്ങളിലും കൂടെ നില്‍ക്കുകയായിരുന്നു മമ്മൂട്ടി.
ദുബായില്‍ കുടുംബസമേതം സ്വകാര്യ സന്ദര്‍ശനത്തിലായിരുന്നു മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി മടങ്ങിയെത്തിയത്. ഒരാഴ്ച മമ്മൂട്ടിയും കുടുംബവും ദുബായില്‍ ഉണ്ടായിരുന്നു.