വലിയൊരു ക്രിപ്റ്റോകറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരായ തമന്ന ഭാട്ടിയയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. പുതുച്ചേരി പോലീസാണ് നടിമാരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. 60 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ നടികള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണ ഉദ്യേഗസ്ഥര്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ക്രിപ്റ്റോ കമ്പനിയുടെ പറ്റിച്ച കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നടിമാര്‍ക്കും ഈ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് സൂചന ലഭിച്ചത്.
ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തിരുന്നു. പുതുച്ചേരിയില്‍ നിന്നുള്ള 10 പേരില്‍നിന്ന് 2.40 കോടി തട്ടിയെന്നാണു പരാതി. 2022ല്‍ നടി തമന്ന ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. 3 മാസത്തിന് ശേഷം നടി കാജല്‍ അഗര്‍വാള്‍ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്ത് 100 പേര്‍ക്കു കാറുകള്‍ സമ്മാനമായി നല്‍കി. മുംബൈയില്‍ നടന്ന പരിപാടിയിലും അവര്‍ പങ്കെടുത്തതായി പോലീസ് പറയുന്നു. ഇരുവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണു ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ഈ കമ്പനിയുടെ പ്രചാരണം ചെയ്യുന്ന താരങ്ങളെയും, ഇവരുടെ പണം ഇടപാടുകളെയും കുറിച്ച് അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. അതേസമയം, തങ്ങളുടെ പേരും ഈ തട്ടിപ്പുമായി ബന്ധപ്പെടുത്തിയതില്‍ നടിമാര്‍ ആശയക്കുഴപ്പത്തിലാണെന്നും, അവസാന തീരുമാനത്തിന് മുമ്പ് വിശദമായ അന്വേഷണം വേണമെന്നുമാണ് അവരുടെ പ്രതികരണം. നടിമാര്‍ ഈ തട്ടിപ്പില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളാണോ എന്ന കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമം നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ ഇവരെ വിളിച്ചു ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍