മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടില്‍ ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍,മകള്‍ സുറുമി അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പാണ് നടന്റെ പിറന്നാളാഘോഷം. ലളിതമായ പിറന്നാള്‍ ആഘോഷത്തില്‍ ഇക്കുറിയും പിറന്നാള്‍ കേക്ക് ഡിസൈന്‍ ചെയ്യുന്നത് മകള്‍ സുറുമിയാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും.
പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. മാത്രമല്ല പതിവുപോലെ മമ്മൂട്ടിയെ ഒരുനോക്കു കാണാനും ആശംസകള്‍ അറിയിക്കാനും കൊച്ചിയിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നിരവധി ആരാധകരാണ് എത്തിയത്.തന്നെക്കാണാന്‍ ഇത്രയും ദൂരം താണ്ടി, ക്ഷമയോടെ കാത്തു നിന്ന ആരാധകരെ നിരാശപ്പെടുത്താന്‍ മമ്മൂട്ടിയ്ക്കായില്ല.
കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും ആഹ്ലാദം പങ്കുവച്ച ആരാധകരോട് വിഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇത്തവണയും പിറന്നാളിനെ വരവേറ്റത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, കൊച്ചുമകള്‍ മറിയം എന്നിവര്‍ക്കൊപ്പം കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയും വൈറലാണിപ്പോള്‍. പിറന്നാള്‍ ആഘോഷങ്ങളുടെ സന്തോഷം മമ്മൂക്ക ഫാന്‍സിനായി ലൈവ് വിഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തു.
1951 സെപ്തംബര്‍ 7-ാം തീയതി വൈക്കത്തിന് അടുത്ത് ചെമ്പില്‍ പാണപ്പറമ്പില്‍ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായിട്ടാണ് മമ്മൂട്ടി ജനിക്കുന്നത്. മുഹമ്മദ്കുട്ടി എന്നായിരുന്നു ബാപ്പയും ഉമ്മയും തങ്ങളുടെ മൂത്ത മകന് നല്‍കിയ പേര്. പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി അഥവാ പി ഐ മുഹമ്മദ് കുട്ടി എന്നായിരുന്നു മുഴുവന്‍ പേര്.
മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
1981ല്‍ പുറത്തിറങ്ങിയ തൃഷ്ണയാണ് മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം. ഇതേവര്‍ഷം തന്നെയാണ് മമ്മൂട്ടിക്ക് ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുന്നത്. അഹിംസയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമായിരുന്നു ലഭിച്ചത്.
1983, 1984, 1985 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന അവാര്‍ഡുകളും മമ്മൂട്ടിയെ തേടിയെത്തി. ഏറ്റവുമൊടുവില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ 2022 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടി നേടി.
ബസൂക്കയായിരുന്നു മമ്മൂട്ടിയുടേതായി ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ ചിത്രത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ നീട്ടിവച്ചു.മമ്മൂട്ടിയുടെതായി, ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തിരിക്കുന്നത് ഒരു സിനിമയല്ല വെബ് സീരീസ് ആണ്. എം.ടി. വാസുദേവന്‍ നായരുടെ കഥാപാത്രങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന 'മനോരഥങ്ങള്‍' എന്ന സീരീസിന്റെ ഒരു ഭാഗത്തിലെ നായകന്‍ മമ്മൂട്ടിയാണ്. 'കടുഗണ്ണാവ: ഒരു യാത്ര' എന്ന എപ്പിസോഡിലെ നായകന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്തത്. രഞ്ജിത്താണ് ഈ ഭാഗത്തിന്റെ സംവിധായകന്‍