പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'ക്രിസ്റ്റഫര്‍'. ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാം ചിത്രം കൂടിയാണിത്. ഷൂട്ടിഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കോഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുന്നത്.
സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദറിന് മമ്മൂട്ടി നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സുന്ദറിനെ മമ്മൂട്ടി ട്രോളുന്നതും വീഡിയോയില്‍ കാണാം. ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഉണ്ട്. മമ്മൂട്ടി ഫാന്‍സ് ക്ലബ് എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ക്രിസ്റ്റഫര്‍'. ചിങ്ങം ഒന്നിനായിരുന്നു ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്.
'ബയോഗ്രാഫി ഒഫ് എ വിജിലന്റ് കോപ്പ്' എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്.
സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായ് എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ഉദയ കൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആര്‍.ഡി ഇലുമിനേഷന്‍സാണ്. ഫൈസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.