Latest News

മമ്മൂട്ടി അച്ചായന്‍ റോളിലെത്തുന്ന അടിപിടി ജോസ്  കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമോ? മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധായകനാകുന്ന ചിത്രത്തില്‍ നായികയായി  നയന്‍താര എത്തുമെന്നും സൂചന

Malayalilife
മമ്മൂട്ടി അച്ചായന്‍ റോളിലെത്തുന്ന അടിപിടി ജോസ്  കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമോ? മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധായകനാകുന്ന ചിത്രത്തില്‍ നായികയായി  നയന്‍താര എത്തുമെന്നും സൂചന

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഒക്ടോബര്‍ അവസാന വാരം ആരംഭിക്കാന്‍ പോകുന്ന വൈശാഖ് ചിത്രത്തിലാണ് മമ്മൂട്ടി പുതിയതായി അഭിനയിക്കുക. പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് മമ്മൂക്ക.

ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ ജോലികളും തെലുങ്ക് ചിത്രമായ യാത്ര 2 വിന്റെ 15 ദിവസത്തെ ചിത്രീകരണവും പൂര്‍ത്തിയാക്കിയ ശേഷമെ മമ്മൂട്ടി അടിപിടി ജോസില്‍ ജോയിന്‍ ചെയ്യുകയുള്ളു. വമ്പന്‍ ബഡ്ജറ്റിലൊരുക്കുന്ന മമ്മൂട്ടി- വൈശാഖ് ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും ഇതിന് തിരക്കഥ രചിച്ചിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസുമാണ്. 

മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് 'അടിപിടി ജോസ്' എന്നാണെന്ന് റിപ്പോര്‍ട്ട്. ഹ്യൂമറിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 23ന് ആരംഭിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്. നായികയായി നയന്‍താരയെ പരിഗണിക്കുന്നുവെന്നും സൂചനകളുണ്ട്.

രാപ്പകല്‍, തസ്‌കരവീരന്‍, പുതിയ നിയമം, ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചിട്ടുണ്ട്. ആര്‍ഡിഎക്‌സിന് സംഘട്ടനമൊരുക്കിയ അന്‍പ് അറിവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. കൊച്ചി, ഇടുക്കി, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 

അതേസമയം കണ്ണൂര്‍ സ്‌ക്വാഡ് ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡില്‍ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തരംഗമായി മാറുകയും ചെയ്തു. സെപ്തംബര്‍ 28ന് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് കണ്ണൂര്‍ സ്‌ക്വാഡും നിര്‍മ്മിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ രംഗങ്ങള്‍ പൂര്‍ത്തിയായി. 30 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയത്. ഒറ്റപ്പാലത്തെ വരിക്കാശേരി മനയില്‍ ഭ്രമയുഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ നായകന്‍. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിര്‍മ്മിക്കുന്നത്.

അതേസമയം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാന്‍ നേരത്തെ മിഥുന്‍ മാനുവല്‍ തോമസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി മനസില്‍ കണ്ട കഥ തന്നെയാണോ വൈശാഖ് ചിത്രത്തിനായി മുഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്നതെന്നാണ് ആരാധകരുടെ സംശയം.


 

mammootty in adipidi jose

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES