18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം ഇനി ബിഗ് സ്‌ക്രീനിലേയ്ക്ക്. സൗദിയില്‍ വ ധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ യാത്രയും അബ്ദുല്‍ റഹീമിന്റെ ജീവിതവും സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍.
ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്‌ളെസിയുമായി സംസാരിച്ചുവെന്ന് ബോചെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബ്‌ളെസി അനുകൂലമായ മറുപടിയാണ് നല്‍കിയത്. നമുക്ക് നോക്കാമെന്ന് പറഞ്ഞു. ഞാന്‍ ചിത്രത്തില്‍ അഭിനയിക്കില്ല, അനുഭവിക്കല്‍ മാത്രമേയുള്ളൂ. എന്റെ വേഷത്തില്‍ ആര് അഭിനയിക്കണമെന്നത് മനസിലുണ്ട്. അബ്ദുള്‍ റഹീമിന്റെ കഥയാണിത്. ഞാന്‍ ചെയ്യാത്ത കുറ്റത്തിന് പൊലീസ് സ്റ്റേഷനില്‍ ഇരുന്നിട്ടുണ്ട്. അതിന്റെ വേദന അറിയാവുന്നതുകൊണ്ടാണ് റഹീമിന്റെ കാര്യത്തില്‍ ഇടപെടാന്‍ കാരണം.
അതിലൂടെ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്, ഒന്ന് മലയാളികളുടെ ഐക്യവും കൂട്ടായ്മയും. നമ്മുടെ സഹോദരനെ രക്ഷിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി നിന്നത് ലോകത്തിനുതന്നെ മാതൃകയാണ്. രണ്ടാമത്തെ കാര്യം, സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായമായി നല്‍കും'- വാര്‍ത്താസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.
18 വര്‍ഷത്തോളമായി സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് സമാഹരിച്ചത്. ബോബി ചെമ്മണ്ണൂര്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യാചകയാത്ര നടത്തിയിരുന്നു. സമൂഹത്തിലെ വിവിധതുറകളിലുള്ള ജനങ്ങള്‍ ധനസഹായവുമായി മുന്നോട്ടുവന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ കടന്നുചെന്നാണ് അദ്ദേഹം ജനങ്ങളോട് സഹായം തേടിയത്
ഭിന്നശേഷിക്കാരനായ 15 വയസുള്ള മകനെ പരിചരിക്കുന്ന ജോലിയായിരുന്നു റഹീമിന്. ഇതിനിടെ കൈ അറിയാതെ തട്ടി കുട്ടിയുടെ കഴുത്തില്‍ ഭക്ഷണവും വെള്ളവും നല്‍കാന്‍ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറുകയും മരണപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2006ലായിരുന്നു സംഭവം.