പ്രശസ്ത തെന്നിന്ത്യൻ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ ഒരുക്കിയ ചിത്രമായിരുന്നു മഹാനടി. കീർത്തി സുരേഷും ദുൽഖർ സൽമാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എന്നാൽ മഹാനടിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻകാല തെലുങ്ക് നടി വാണിശ്രീ.
മഹാനടി കണ്ടുകൊണ്ടിരിക്കുമ്പോൾ പാതിയിൽ വച്ച് ഞാൻ ഉറങ്ങിപ്പോയി. രണ്ടാം പകുതിക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല. എന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ല, സിനിമയിലുള്ളതുപോലെ ട്വിസ്റ്റും സസ്‌പെൻസും ഒന്നും ജീവിതത്തിലില്ലെന്നും വാണിശ്രീ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി ചിത്രത്തെ വിമർശിച്ചത്.
2018 മെയ് 9 ന് പുറത്തിറങ്ങിയ മഹാനടി മികച്ച വിജയമാണ് നേടിയത്. എന്നാൽ ജെമിനി ഗണേശന്റെ മകളായ ഡോക്ടർ കമല സെൽവരാജ് ചിത്രത്തിനെതിരേ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സാവിത്രിയെ മഹത്വവൽക്കരിക്കുന്നതിന് തന്റെ പിതാവിനെ വളരെ മോശമായി ചിത്രീകരിച്ചുവെന്ന് കമല പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
മഹാനടി എന്ന ചിത്രത്തെ കുറിച്ചും സിനിമയിലെ കീർത്തി സുരേഷിന്റെ അഭിനയത്തെ കുറിച്ചും മോഹൻലാൽ, നാഗാർജ്ജുന തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞത്.
അറുപതുകളിലും എഴുപതുകളിലും തമിഴ് തെലുങ്ക് സിനിമാ ലോകത്ത് മിന്നി നിന്ന നടിയാണ് വാണി ശ്രീ.