മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടി ലിസി. ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയില്‍ സദ്യവട്ടങ്ങള്‍ ആസ്വദിച്ച് മക്കളായ സിദ്ധാര്‍ഥ്, ഐശ്വര്യ, സിദ്ധാര്‍ഥിന്റെ ഭാര്യയും വിദേശ വനിതയുമായ മെര്‍ലിന്‍ ബാസ്സ് എന്നിവര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
'നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേല്‍ക്കുന്ന ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.''-ലിസി കുറിച്ചു
മലയാളസിനിമയില്‍ ഒരുക്കാലത്ത് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ലിസി.പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലിസി 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ 16 വയസ്സ് മാത്രമായിരുന്നു പ്രായം. തുടര്‍ന്ന് പ്രിയദര്‍ശന്റെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാന്‍ ലിസിക്ക് കഴിഞ്ഞു. 1990 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. നീണ്ട 22 വര്‍ഷത്തെ ദാമ്പത്യം 2014 ല്‍ അവസാനിച്ചു.
2015 ലാണ് പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. 2016ല്‍ ഇരുവരും നിയമപ്രകാരം വിവാഹമോഹനം നേടി. വേര്‍പിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു. മകന്‍ സിദ്ധാര്‍ഥിന്റെയും മകള്‍ കല്യാണിയുടെയും ഏതു കാര്യത്തിനും ഇരുവരും ഒന്നിക്കാറുണ്ട്.
ചന്തു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സിദ്ധാര്‍ഥ് അമേരിക്കയില്‍ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയന്‍ സംവിധാനം ചെയ്ത മരക്കാറില്‍ വിഎഫ്എക്സ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാര്‍ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. മരക്കാറില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിച്ചിരുന്നു. സിദ്ധാര്‍ഥിന്റെ ഭാര്യ മെര്‍ലിന്‍ വിഷ്വല്‍ ഇഫക്റ്റ്സ് പ്രൊഡ്യൂസറാണ്.