ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ പസില്‍ പോലെ ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും തുടങ്ങി. ഇപ്പോളിതാ ടൈറ്റില്‍ തയ്യാറാക്കുന്നതിന്റെ വിഡിയോ മോഹന്‍ലാല്‍ പങ്കുവയ്ച്ചിരിക്കുകയാണ്.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ടൈറ്റില്‍ പുറത്തുവിടും. ഇതിന്റെ ഭാഗമായി ടെറ്റില്‍ തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. 'മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ' എന്ന ഭാഗവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഡിയോ വന്നതു പിന്നാലെ സിനിമയുടെ പേരു പ്രഖ്യാപിച്ച് ആരാധകരും രംഗത്തെത്തി. മലൈകോട്ട വാലിബന്‍, ഒടിയന്‍ 2, വാലിബന്‍, ഭീമന്‍ എന്നിങ്ങനെയാണ് ആരാധകരുടെ പ്രഖ്യാപനം. എന്തായിരിക്കും ചിത്രത്തിന്റെ ടൈറ്റില്‍ എന്നാണ് പലരും ചേദിക്കുന്നത്. അവസാനമായി ടൈറ്റിലിന്റെ അവസാന അക്ഷരമാണ് പുറത്തുവന്നത്. അത് 'ന്‍' ആണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് ഐഎഫ്എഫ്‌കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
വീഡിയോ പങ്കുവച്ച് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പുറത്തിറക്കിയ കുറിപ്പ്
അടങ്ങാത്ത ആവേശത്തിന്റെ തുടര്‍ച്ചയായി ഒരു ബാക്കി പത്രമിതാ... എനിക്കിത് ആഘോഷങ്ങള്‍ അത്ഭുതങ്ങളാകുന്ന നിമിഷങ്ങളാണ്. തീയറ്ററിലെ ഇരുട്ടു മുറിയില്‍ ആര്‍പ്പു വിളിക്കുമ്പോള്‍ അറിയാത്ത പല കാര്യങ്ങളും ഇന്നറിയുന്നു. മലയാള സിനിമയെ ഓസ്‌കാര്‍ വേദിയില്‍ എത്തിച്ച പ്രതിഭയോടൊപ്പമുള്ള ഓരോ നിമിഷവും എന്നില്‍ അത്ഭുതമുളവാക്കി. സൂക്ഷ്മതയുടെ, സര്‍ഗസൃഷ്ടിയുടെ ഈ യാത്രയില്‍ പങ്കു ചേരാനായതില്‍ ഒരുപാട് സന്തോഷം. നിങ്ങളുടെ കാത്തിരിപ്പിന്റെ ആഴത്തെ ഏറെ സ്‌നേഹിച്ചു കൊണ്ട് നാളെ കൃത്യം 5 മണിക്ക് സിനിമയുടെ ആദ്യ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങുന്നു.
രാജസ്ഥാന്‍ പ്രധാന ലൊക്കേഷനായി ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്ന അഭ്യൂഹവും സിനിമപ്രേമികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ -ലിജോ ടീമില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു വമ്പന്‍ ചിത്രം ആയിരിക്കുമെന്ന് നടന്‍ പൃഥ്വിരാജും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന്‍ ഷെഡ്യൂള്‍ നീണ്ടുനില്‍ക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയാകും ഇത്.