നടനും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് ഉച്ചയ്ക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം. 'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ പ്രതികരണത്തിന് എത്തുന്നത്.
മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നു.അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കൂട്ട രാജി. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിന് ശേഷമായിരിക്കും മോഹന്‍ലാല്‍ പ്രതികരിക്കുക.
സ്വാഭാവികമായി ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ ലാലിന് മറുപടി പറയേണ്ടി വരും. വൈകിട്ട മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ വേദി പങ്കിടുന്നുണ്ട്. അതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നുവെന്നതും ശ്രദ്ധേയമാണ്. കൊച്ചിയില്‍ ഫുട്ബോള്‍ ക്ലബ്ബുമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തിലാണ് നടന്‍ പൃഥ്വിരാജ് മോഹന്‍ലാല്‍ അടങ്ങുന്ന അമ്മ ഭരണ സമിതിയെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് അമ്മയില്‍ നിന്നും മോഹന്‍ലാല്‍ രാജിവച്ചത്. ഈ വിഷയത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം ക്രിക്കറ്റ് ലീഗിന്റെ വേദിയിലാകുമെന്നതാണ് മറ്റൊരു യാദൃശ്ചികത.