മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജോയ് മാത്യു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. ജോയ് മാത്യുതന്റെ നിലപാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.
തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസിനെയും രാഷ്ട്രീയ കൊലപാതകത്തിനിരയായ ടി. പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെയും, കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭാര്യയും ഉദ്ധരിച്ചായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.
രക്തസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ‘ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് എന്നാണ് ജോയ് മാത്യു എഴുതിയത് .
മെയ് 31നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോ ജോ ജോസഫ് കളത്തിലിറങ്ങും.