പ്രിയപ്പെട്ട വളര്‍ത്തുനായ മെസിയുടെ വിയോഗത്തില്‍ കുറിപ്പുമായി പാര്‍വ്വതി ജയറാമും കാളിദാസും.വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരംഗം വിട പറഞ്ഞതിന്റെ സങ്കടം ആണ് പാര്‍വതിയുടെ വാക്കുകളില്‍ നിറയുന്നത്. വര്‍ഷങ്ങളോളം തങ്ങളുടെ കൂടെയുണ്ടായ ഞങ്ങളുടെ ഇളയ മകന്‍ ഇനി കൂടെയില്ലാ എന്നാണ് താരം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു മെസിയെന്ന് പാര്‍വതി സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ മനസിലാകും.
40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. നിന്റെ പരിധിയില്ലാത്ത സ്‌നേഹം എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റി. നിന്റെ വികൃതിയും ദേഷ്യവും കൂട്ടുമെല്ലാം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും നിന്റെ അഭാവം എങ്ങനെ തരണം ചെയ്യുമെന്ന് എനിക്കറിയില്ലെന്നും സന്തോഷവാനായിരിക്കുക, സമാധാനത്തോടെ യാത്രയാവുക എന്ന് പാര്‍വതി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ: എന്റെ വാക്കുകള്‍ മുറിയുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.. ഉപാധികളില്ലാത്ത സ്നേഹം നല്‍കി എന്നെ നല്ല മനുഷ്യനായി മാറ്റി.. നിന്റെ വികൃതിയും കോപവും കൂട്ടും എനിക്ക് നഷ്ടമാകും...
ദൈവം എന്നെ അനുഗ്രഹിച്ച് നിന്നെ എന്റെ ഇളയ മകനായി തന്നു.. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്.. നിന്റെ അഭാവം.. നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല.. ഒരിക്കലും നീ മതിയാവില്ല...
നീ നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും നിന്റെ സന്തോഷവും വികൃതിയും കൈവെടിയരുത്. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മ, അപ്പ, കണ്ണന്‍, ചക്കി എല്ലാവരും നിനക്ക് സ്നേഹ ചുംബനങ്ങള്‍ തരട്ടെ,- മെസ്സിയ്ക്കൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം പാര്‍വതി കുറിച്ചു. ഒട്ടേറെപ്പേര്‍ പാര്‍വതിക്ക് ആശ്വാസവാക്കുകളുമായി കമന്റ് സെക്ഷനില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു.
കാളിദാസും മെസിയുടെ വേര്‍പാട് അറിയിച്ച് കുറിപ്പ് പങ്ക് വച്ചിരുന്നു.നീ എവിടെയാണെങ്കിലും അവിടെ ഒരുപാട് ഐസ്‌ക്രീമും മധുരപലഹാരങ്ങളുമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനും സ്‌നേഹനിധിയുമായ നായയായതിന് നന്ദി. കാളിദാസ് കുറിച്ചു.