ആരാധകര്‍ക്ക് പുതുവത്സര ദിനത്തില്‍ സര്‍പ്രൈസുമായി പൃഥ്വിരാജ് സുകുമാരന്‍. താനും ബേസില്‍ ജോസഫും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് താരം പങ്കുവെച്ചത്. ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പൃഥ്വിരാജ് പങ്കുവെച്ചു.
ജയ ജയ ജയ ജയഹേ എന്ന ബേസില്‍ ജോസഫ് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പേ കേട്ട കഥയാണെന്നും ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ബേസിലിനൊപ്പം ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കാനും അദ്ദേഹം മറന്നില്ല.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ബേസിലും പങ്കുവെച്ചിട്ടുണ്ട്. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസിനും കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിനുമൊപ്പം ഒരുമിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബേസില്‍ കുറിച്ചു. പൃഥ്വലരാജിനൊപ്പം സ്‌ക്രീനില്‍ ഒരുമിക്കാനാവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ബേസില്‍ കുറിച്ചു.
സംവിധായകരായ പ്രജേഷ് സെന്‍, മിഥുന്‍ മാനുവല്‍ തോമസ്, ഡിനോയ് പൗലോസ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായെത്തിയത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.