പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായിരുന്ന ബപ്പി ലാഹിരി വിടവാങ്ങി. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് സംവിധായകന്റെ വിയോഗം. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. അവയില്‍ പലതും ആലപിച്ചു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്കോ സംഗീതത്തെ ജനപ്രിയമാക്കിയത് അദ്ദേഹമാണ്. 2020 ചിത്രം ഭാഗിയിലാണ് അദ്ദേഹത്തിന്റെ അവസാന ഗാനം.
ഒരു മാസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ആരോഗ്യം വീണ്ടും ചൊവ്വാഴ്ച മോശമാവുകയായിരുന്നു. വീണ്ടും അദ്ദേഹത്തെ പരിശോധനയ്ക്കായി ഒരു ഡോക്ടറെ വീട്ടിലെത്തിച്ച കുടുംബം പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ദീപക് നംജോഷി പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണ കാരണം ഒഎസ്എ (ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ) ആണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് മോചിതനായിരുന്നു.