ഏറെ ചര്‍ച്ചയായ ധനുഷിന്റെ 'വട ചെന്നൈ'യ്ക്ക് രണ്ടാം ഭാഗമൊരങ്ങില്ലെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളില്‍ നിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നാണ് സംവിധായകന്‍ വെട്രിമാരന്‍ സിനിമയുടെ ചിത്രീകരണം ഉപേക്ഷിച്ചെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ പ്രചരിക്കുന്നത് വാസ്തവിരുദ്ധമായ കാര്യമാണെന്നും ചിത്രം പുറത്തിറങ്ങുമെന്നും നടന്‍ ധനുഷും സംവിധായകന്‍ വെട്രിമാരനും പ്രതികരിച്ചു.
വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതം പറയുന്ന സിനിമയുടെ ആദ്യഭാഗത്തിനൊടുവില്‍ രണ്ടാംഭാഗത്തിനു വേണ്ടി കാത്തിരിക്കാന്‍ പ്രേക്ഷകരോടു പറയുന്നുമുണ്ടായിരുന്നു. സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയതിനു പിന്നാലെ വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം.
അതിനാല്‍ രണ്ടാംഭാഗം അതേ സ്ഥലത്തുതന്നെ ചിത്രീകരിക്കുന്നത് എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് വെട്രിമാരന്‍ ഇതില്‍ നിന്നു പിന്മാറിയതെന്നാണ് പ്രചരിച്ചത്. കൂടാതെ ആദ്യഭാഗത്തില്‍ വേഷമിട്ട ചില അഭിനേതാക്കള്‍ മറ്റ് സിനിമകളുടെ തിരക്കിലുമാണെന്നുമായിരുന്നു വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ ധനുഷ് ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തി.
വടചെന്നൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ ആശയക്കുഴപ്പം ആളുകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പുകള്‍ക്ക് തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പിന്തുടരണമെന്നും താരം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളില്‍ നിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നാണ് രണ്ടാം ഭാഗം ഒഴിവാക്കുന്നതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ചിത്രം വരും വര്‍ഷങ്ങളില്‍ സമയമെടുത്ത് പൂര്‍ത്തീകരിക്കുമെന്ന് സംവിധായകന്‍ വെട്രിമാരനും വ്യക്തമാക്കി.
50 കോടിയിലേറെ വരുമാനം നേടിയ സിനിമയുടെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് 20 ശതമാനത്തിലേറെ പൂര്‍ത്തിയായിരുന്നു.'വട ചെന്നൈ' എന്നാല്‍ വടക്കന്‍ ചെന്നൈ എന്നാണ് അര്‍ഥം. വെട്രിമാരന്‍ നാലാമത് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. കാരംസ് കളിക്കാരനാണ് ഇതില്‍ ധനുഷിന്റെ അന്‍പ് എന്ന കഥാപാത്രം. അമീര്‍, ആന്‍ഡ്രിയ ജെറമിയ, ഐശ്വര്യാ രാജേഷ് തുടങ്ങിയവരാണു മറ്റു പ്രമുഖതാരങ്ങള്‍. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് വട ചെന്നൈ റിലീസ് ചെയ്തത്.
ധനുഷിനെ നായകനാക്കി വെട്രിമാരന്‍ 'അസുരന്‍' എന്ന സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരാണ് നായിക. അസുരന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.