മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന വയലന്റ് ചിത്രം മാര്‍ക്കോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹനീഫ് അദേനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.'ബ്ലഡ്' എന്ന ഫസ്റ്റ് സിംഗിള്‍ ആദ്യം പാടിയത് ഡബ്‌സി ആയിരുന്നു.
ആദ്യ ഗാനത്തിന്റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്‌സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്റുകള്‍ ധാരാളമായി എത്തി. ഇതോടെ അണിയറപ്രവര്‍ത്തകര്‍ സന്തോഷ് വെങ്കിയെകൊണ്ട് ഗാനം മാറ്റി പാടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായകന്‍ ഡബ്സി.
താന്‍ ചോദിച്ചത്ര പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. അതുകൊണ്ട് പാടി. അതിന് ശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ തനിക്ക് യാതൊരു കുഴപ്പവും ഇല്ല എന്നാണ് ഡബ്സി പറയുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡബ്സിയുടെ പ്രതികരണം.
''ഹായ് ഗയ്സ് ഡബ്സിയാണ്. ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയണോ വേണ്ടയോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും പറായാം. മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോള്‍ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാന്‍ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു.''
''അതിന് ശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'' എന്നാണ് ഡബ്സി പറയുന്നത്.