Latest News

ബാലഭാസ്‌കറിന്റെ അപകട മരണം; അന്വേഷണ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി; ഹൈക്കോടതിയ ഉത്തരവ് സ്വര്‍ണകടത്തുകേസിലെ പ്രതികളുടെ ജാമ്യം പരിഗണിക്കവെ

Malayalilife
ബാലഭാസ്‌കറിന്റെ അപകട മരണം; അന്വേഷണ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി; ഹൈക്കോടതിയ ഉത്തരവ് സ്വര്‍ണകടത്തുകേസിലെ പ്രതികളുടെ ജാമ്യം പരിഗണിക്കവെ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അതിവേഗം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രണ്ട് ദിവസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.സ്വര്‍ണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുള്ള ബന്ധമെന്തെന്ന കാര്യത്തിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടോ, അങ്ങനെയെങ്കില്‍ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുണ്ടായിരിക്കുന്നത്, സ്വര്‍ണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോള്‍ ഏത് നിലയിലാണ് എന്നീ കാര്യങ്ങളാണ് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കേണ്ടത്. 

ബാലഭാസ്‌കറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. 

ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയടക്കം രംഗത്തെത്തി. ക്രിമിനല്‍ കേസില്‍ പ്രതികളായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും നിര്‍ബന്ധപ്രകാരമാണ് ഡ്രൈവറായി അര്‍ജുനെ ബാലഭാസ്‌കര്‍ നിയമിച്ചതെന്നും അച്ഛന്‍ ഉണ്ണി ആരോപിച്ചു. അപകടത്തിന് രണ്ട് മാസം മുമ്പ് മാത്രമാണ് ബാലഭാസ്‌കറിന്റെ ഡ്രൈവറായി അര്‍ജുനെത്തിയത്. ഇതിന് ശേഷമാണ് രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അര്‍ജുനെന്ന് അറിയുന്നതെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി പറയുന്നു. 

അപകടമുണ്ടായി ബാലഭാസ്‌കറിന്റെ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പ്രകാശ് തമ്പിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചതെന്നാണ് അദ്ദേഹത്തിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ ആരോപിച്ചത്. ബന്ധുക്കളെ ലക്ഷ്മിയെ കാണാന്‍ അനുവദിച്ചില്ലെന്നും പ്രകാശ് തമ്പിയുടെ പക്കലായിരുന്നു ഇവരുടെ ഫോണും എടിഎം കാര്‍ഡുമുള്‍പ്പടെയുള്ള എല്ലാ വസ്തുക്കളുമെന്നും പ്രിയ വേണുഗോപാല്‍ ആരോപിച്ചിരുന്നു. എല്ലാ വിവരങ്ങളും പ്രകാശ് തമ്പി പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി ഉടമ ലത എന്ന സ്ത്രീയ്ക്കാണ് കൈമാറിയിരുന്നതെന്നും ബന്ധുക്കളോട് ഒന്നും പറഞ്ഞിരുന്നിലെന്നും പ്രിയ വേണുഗോപാല്‍ ആരോപിച്ചു. 

ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യുകയും അപകടം പുനരാവിഷ്‌കരിക്കുകയും ചെയ്തു. അര്‍ജുന്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട പലരും ഒളിവില്‍ പോയി എന്ന വിവരം വന്നതിനെത്തുടര്‍ന്ന് സംഭവത്തിലെ ദുരൂഹതയേറി. 

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിനും ബാങ്കുകള്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതും പരിശോധിച്ച് വരവെയാണ് ഹൈക്കോടതി അന്വേഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്. 

balabhasker deadth hc order further

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES