സോഷ്യല്‍മീഡിയില്‍ ഏറ്റവും സജീവമായിട്ടുള്ള നടനാണ് ബാല. ഫേസ്ബുക്ക് വഴിയാണ് പ്രേക്ഷരുമായി ബാല ഏറെയും സംവദിക്കുന്നത്. ഇന്നെല നടന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷമായിരുന്നു. അര്‍ജന്റീന ലോകകപ്പ് അടിച്ചപ്പോള്‍ മുതല്‍ പിറന്നാള്‍ ആഘോഷവും നടന്‍ ഒരുമിച്ചാണ് കൊണ്ടാടിയത്. അര്‍ജന്റീനയുടെ വിജയവും ബാലയും ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷിച്ചിരുന്നു.
ഫുട്‌ബോള്‍ ഫൈനല്‍ വിജയാഘോഷത്തിനിടെ അര്‍ദ്ധരാത്രി ആരാധകര്‍ക്കൊപ്പമായിരുന്നു ബാലയുടെ പിറന്നാള്‍ ആഘോഷം. സ്യൂട്ട് അണിഞ്ഞാണ് പിറന്നാള്‍ കേക്ക് മുറിക്കാന്‍ ബാല വന്നത്.പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ എലിസബത്ത് സ്വന്തം യുട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടിട്ടിട്ടുണ്ട്. താന്‍ തേക്ക് മരം പോലെയാണെന്നും പ്രായം കൂടുന്തോറും ബലം കൂടുമെന്നും പിറന്നാള്‍ കേക്ക് മുറിച്ച ശേഷം ബാല പറഞ്ഞു. രാവിലെ മാധ്യമങ്ങള്‍ക്കൊപ്പവും ബാല പിറന്നാള്‍ ആഘോഷിച്ചു
ബാലയുടെ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഭിന്നശേഷിക്കാരായ നിരവധി ആളുകളും താരത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.കേക്ക് മുറിച്ച ശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 'എന്റെ ജന്മദിനത്തില്‍ ഞാനൊരു കാര്യം പറയാം.... ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ഈ ഭൂമിക്ക് വേണ്ടി ഞാന്‍ ചെയ്യും.' 'പ്രോത്സാഹിപ്പിക്കുക. എനിക്ക് ഒരു തരത്തിലുള്ള ക്രൈസിസും ഇല്ല. ചെന്നൈയ്ക്ക് പോവേണ്ടല്ലോ അല്ലേ...? ഞാന്‍ ന്യായത്തിന്റെ ഭാഗത്താണ് നിന്നത്. എന്റെ കാര്യത്തിന് വേണ്ടി മാത്രമല്ല ഞാന്‍ വോയ്‌സ് ഉയര്‍ത്തിയത്.'
ഒരുപാട് പേര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. പക്ഷെ ഞാന്‍ ഒറ്റപ്പെട്ട് പോയി. അടുത്ത ദിവസം പോലും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. എനിക്ക് ഒരു തരത്തിലുള്ള പ്ലാനും ഇല്ല. ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കുക അത്രമാത്രം' ബാല പറഞ്ഞു. പിറന്നാള്‍ ആശംസിക്കാന്‍ ആരൊക്കെ വിളിച്ചുവെന്ന് ചോദിച്ചപ്പോള്‍ ബാല നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു... 'രാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു.... ഒന്ന് പോടോ... ചുമ്മ പറഞ്ഞതാണ് ആരും വിളിച്ചിട്ടില്ല. വഴക്കെല്ലാം മറ്റിവെച്ചാണ് ഞാന്‍ സംസാരിക്കുന്നത്.'
പിറന്നാള്‍ ദിവസമായ ഇന്നെങ്കിലും വിളിക്കാമായിരുന്നു അസോസിയേഷനില്‍ നിന്ന്. അത്രയും പാപമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. എനിക്ക് ആയിരം പേര്‍ വേണ്ട. എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ മതി. എന്റെ വീട്ടിലുള്ള സ്ത്രീകളെ ചിലര്‍ കളിയാക്കുന്നുണ്ട്.' 'ആ രീതി ശരിയല്ല. അത് നിര്‍ത്തിക്കോണം' ബാല പറഞ്ഞു. ഷെഫീക്കിന്റെ സന്തോഷമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബാലയുടെ സിനിമ. ചിത്രത്തില്‍ ഉണ്ണി മുകുന്ദനായിരുന്നു നായകന്‍.
സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുമ്പ് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞാണ് ബാല വിവാദം ആരംഭിച്ചത്. പിന്നീട് വാര്‍ത്താസമ്മേളനം നടത്തി താന്‍ രണ്ട് ലക്ഷം രൂപ ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്ന് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി.