കൊച്ചിയില്‍ നടന്ന മാമാങ്കം ഓഡിയോ പ്രകാശന ചടങ്ങില്‍ താരമായി ചിത്രത്തിലെ നായിക പ്രാചി തെഹ്ലാന്‍. ചിത്രത്തിലെ നായകനായ മമ്മൂട്ടിയേക്കാള്‍ ഉയരുമുള്ള നായിക അപൂര്‍വ്വമാണെന്ന് പറഞ്ഞായിരുന്നു ചടങ്ങില്‍ അവതാരികയായിരുന്ന അശ്വതി ശ്രീകാന്ത് പ്രാചിയെ വേദിയിലേക്ക് ക്ഷണിച്ചത്. 68 വയസ്സുള്ള മമ്മൂട്ടിയുടെ ഉയരം 1.78 മീറ്ററും 26 വയസ്സ് പ്രായമുള്ള പ്രാചിയുടെ ഉയരം 1.8 മീറ്ററുമാണ്.
വേദിയിലെത്തിയ പ്രാചി മലയാളത്തില്‍ മമ്മൂട്ടിയോട് സുഖമാണോ എന്ന് ചോദിച്ചപ്പോള്‍ സുഖമാണെന്നുള്ള മമ്മൂക്കയുടെ മറുപടി സദസ്സില്‍ ചിരിപടര്‍ത്തി. ഏറെ വൈകാരികമായിട്ടാണ് തനിക്ക് ഇവിടെ നില്‍ക്കുമ്പോള്‍ അനുഭവപ്പെടുന്നതെന്നും മമ്മൂക്കയോടൊപ്പം തന്റെ ആദ്യമലയാള ചിത്രം തുടങ്ങാനായതില്‍ ഏറെ സന്തോഷ വതിയാണെന്നും പ്രാചി പറഞ്ഞു. ഉണ്ണിമായ എന്നാണ് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരെന്നും മാമാങ്കം സിനിമയില്‍ അഭിനയിക്കാനായെത്തിയതോടെ മലയാളവും ശാസ്ത്രീയ നൃത്തവും ആക്ഷന്‍ രംഗങ്ങളും കുറച്ച് താന്‍ പഠിച്ചുവെന്നും താരം പറഞ്ഞു.
ഇന്ത്യന്‍ നെറ്റ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ താരവും കൂടിയാണ് പ്രാചി. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാചി. പ്രാചിയുടെ നേതൃത്വത്തില്‍ 2011 ലെ സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. നെറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായിരുന്നു പ്രാചി.
2016-ല്‍ ദിയ ഔര്‍ ബാത്തി ഹം എന്ന സ്റ്റാര്‍ പ്ലസിലെ ടെലിവിഷന്‍ സീരിയലിലാണ് പ്രാചി ആദ്യമായി അഭിനയിച്ചത്. മന്‍ദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷന്‍ പ്രിന്‍സ് നായകനായ പഞ്ചാബി ഫിലിം അര്‍ജാന്‍ എന്ന പഞ്ചാബി സിനിമയില്‍ നിമ്മി എന്ന നായിക കഥാപാത്രത്തിനെ അവതരിപ്പിച്ചാണ് സിനിമയിലേക്കെത്തിയത്.'മാമാങ്കം' സിനിമയില്‍ പ്രാചിയും നടി ഇനിയയും ചേര്‍ന്നുള്ള മുക്കൂത്തി എന്നു തുടങ്ങുന്ന ഗാനവും ഇന്നലെ മാമാങ്കം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.