തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ക്രൂരമായ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയും ബിസിനസ് സംരംഭകയുമായ ആര്യ. അമേരിക്കയില്‍ നടക്കുന്ന ഷോയുമായി ബന്ധപ്പെട്ട് ആര്യയുടെ നൃത്തത്തിന്റെയും സ്കിറ്റിന്റെയും വീഡിയോകള്‍ പങ്കുവച്ചുകൊണ്ടാണ് മോശം പ്രചാരണം നടക്കുന്നത്. 'ആര്യയ്ക്ക് മുന്നില്‍ കാണ്ടാമൃഗം തോറ്റുപോകും, സംസാരം പോലെ അല്ലല്ലോ ഡാന്‍സ്, വേറെ ആരെയും കിട്ടിയില്ലേ ഷോയില്‍ ഡാന്‍സ് ചെയ്യാന്‍' തുടങ്ങീ നിരവധി തലക്കെട്ടുകളിലാണ് വീഡിയോ പ്രചരിക്കുന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആര്യ വിമര്‍ശകര്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്തിക്കൊണ്ട് വികാരാധീനയായി കുറിപ്പ് പങ്കുവെച്ചത്. മുറിവേറ്റ കാലും കടുത്ത നീരും വച്ചുകൊണ്ടാണ് താന്‍ ആ സ്റ്റേജ് ഷോകള്‍ പൂര്‍ത്തിയാക്കിയതെന്നും എന്നാല്‍ ഇതിന്റെ പിന്നിലെ കഷ്ടപ്പാടുകള്‍ അറിയാതെയാണ് ആളുകള്‍ സൈബര്‍ ഇടങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നതെന്നും ആര്യ പറയുന്നു.
'4 പെര്‍ഫോമന്‍സുകള്‍, 6 സ്റ്റേജുകള്‍, 3 മണിക്കൂര്‍ നീണ്ട പ്രോഗ്രാം... ഇതിനെക്കുറിച്ചൊന്നും ഒരു റീല്‍ ചെയ്യാനോ പോസ്റ്റ് ചെയ്യാനോ ഞാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നതല്ല. പക്ഷേ, സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിക്കുന്ന എന്റെ ഒരു പെര്‍ഫോമന്‍സ് വീഡിയോയുമായി ബന്ധപ്പെട്ട് വളരെ മോശമായ ചില കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു, അത് എന്നെ ആകെ തളര്‍ത്തിക്കളഞ്ഞു. അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് എനിക്കുണ്ടാക്കിയ വേദന വളരെ ആഴമേറിയതും കഠിനവുമായിരുന്നു.
അതുകൊണ്ട് തന്നെ എന്റെ മനസ്സിനെ ഒന്ന് ശാന്തമാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീഡിയോ ചെയ്യാമെന്ന് കരുതിയത്, ഇപ്പോള്‍ എന്നെക്കുറിച്ച് എനിക്ക് അത്രമേല്‍ അഭിമാനം തോന്നുന്നുണ്ട്. ഒപ്പം എന്റെ കലാകാരന്മാരുടെ മുഴുവന്‍ ടീമിനും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ എനിക്കൊപ്പം ഉറച്ചുനിന്നു, എന്നെ നോക്കിനടന്നു, ഇടയ്ക്കിടെ എന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു, എനിക്ക് വേണ്ടി അപരിചിതരോട് വരെ വഴക്കിട്ടു... ദൈവമേ, അവര്‍ എനിക്ക് വേണ്ടി ചെയ്യാത്തതായി ഒന്നുമില്ല എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളോട് കടപ്പെട്ടിരിക്കുന്നു,' എന്നാണ് ആര്യ കുറിച്ചത്. പ്രോഗ്രാമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്.
'എന്റെ മുട്ടിനു പരുക്ക് സംഭവിച്ചു. നിങ്ങള്‍ക്ക് മുട്ടിലെ നീര് കാണാം. എന്റെ മുട്ട് ഇങ്ങനെ അല്ല, മുട്ടില്‍ ഫ്ലൂയിഡ് കെട്ടിക്കിടന്നാണ് ഈ നീര് ഉണ്ടായിരിക്കുന്നത്. നീര് മാത്രമല്ല നല്ല വേദനയും മുട്ട് ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുമുണ്ട്. പക്ഷേ നമുക്ക് ഷോയുമായി മുന്നോട്ട് പോയേ മതിയാകൂ. ഈ യാത്രയില്‍ എനിക്ക് കൂട്ടായി ഉള്ളത് എന്റെ നീക്യാപ്പ് ആണ്. ഒന്നും ചെയ്തിട്ടു കാര്യമില്ല, നീക്യാപ്പ് ഇടുക, ഐസ് പാക്ക് വയ്കുക, രണ്ടു റെഡ് ബുള്‍ എനര്‍ജിക്ക് വേണ്ടി കുടിക്കുക, അത്ര തന്നെ. അങ്ങനെയയാണ് ഞാന്‍ ഈ മുഴുവന്‍ ഷോയും ചെയ്തത്.' ആര്യ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമായിരുന്നു കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിന് ബെഞ്ചമിനും തമ്മിലുള്ള വിവാഹം. ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീക്കും 'കാഞ്ചിവരം' എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും ആര്യ നടത്തുന്നുണ്ട്