ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍' സിനിമയുടെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ അവതരിപ്പിച്ച് നായകന്‍ ജയസൂര്യ തന്നെ രംഗത്തെത്തി.തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയാണി ചിത്രത്തില്‍ നായികയായി എത്തുന്നത്. അനുഷ്‌കയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. സിനിമയില്‍ താരം ജോയിന്‍ ചെയ്തതായി അറിയിച്ചു കൊണ്ടുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്.
ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം സെപ്തംബര്‍ 10ന് കൊച്ചിയിലെ കൂനമ്മാവില്‍ ആരംഭിക്കും. നായികയായ അനുഷ്‌ക ഷെട്ടി 20ന് ജോയിന്‍ ചെയ്യും. അനുഷ്‌കയുടെ ആദ്യ മലയാള ചിത്രമാണ് കത്തനാര്‍. കോട്ടയം രമേശ്, വിനീത് ത്തുടങ്ങിയവര്‍ താരനിരയിലുണ്ട്. അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികന്‍ കടമറ്റത്ത് കത്തനാറിന്റെ ജീവിതം പറയുന്ന ചിത്രത്തിന് ഇനി 130 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. 40 ദിവസത്തെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ചെന്നൈയിലും റോമിലും ചിത്രീകരിക്കുന്ന കത്തനാര്‍ വിദേശ സിനിമകളോട് കിടപിടിക്കുന്ന രീതിയില്‍ വിര്‍ച്വല്‍ പ്രൊഡക്ഷനിലൂടെയാണ് ഒരുങ്ങുന്നത്. ഫാന്റസിയും ആക്ഷനും ഹൊററും ഉദ്യോഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യകഥകളും ചേര്‍ന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും കത്തനാറെന്ന സൂചന നല്‍കി ഫസ്റ്റ് ഗ്ലിംപ്‌സ് പുറത്തിറങ്ങിയത്.
രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന കത്തനാറിന്റെ ആദ്യഭാഗം അടുത്ത വര്‍ഷം തിയേറ്ററില്‍ എത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ജാപ്പനീസ്, ജര്‍മ്മന്‍ തുടങ്ങി ഒട്ടേറെ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ആര്‍. രാമാനന്ദ് രചന നിര്‍വഹിക്കുന്നു. നീല്‍ ഡി. കുഞ്ഞ് ആണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം.
ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് സിനിമയുടെ അവതരണം. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് ആദ്യമായാണെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.