തെലുങ്ക് ചിത്രത്തിനിടെ ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തിൽ നടി അനുഷ്‌ക ഷെട്ടിക്ക് പരുക്ക്. സ്വാതന്ത്ര്യ സമര സേനാനി നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന ചിരഞ്ജീവി ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ നടി അനുഷ്‌ക ഷെട്ടിയുടെ കാലിനാണ് പരുക്ക്. കാലൊടിഞ്ഞതിനെ തുടർന്ന് നടിക്ക് ആഴ്‌ച്ചകളോളം വിശ്രമം പറഞ്ഞിരിക്കുകയാണ് ഡോക്ടർമാർ.
സെയ് നരസിംഹ റെഡ്ഡി ചിത്രത്തിലെ ഒരു സുപ്രധാന രംഗത്തിന്റെ ഷൂട്ടിംഗിനിടയിലാണ് അപകടം. രണ്ട് വർഷം മുമ്പാണ് ചിരഞ്ജീവി നായകനായെത്തുന്ന സിനിമ ഷൂട്ടിങ് തുടങ്ങുന്നത് പിന്നീട് പല പല കാരണങ്ങൾ കൊണ്ട് ചിത്രീകരണം നീണ്ടു പോയിരുന്നു.
സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി എത്തുമ്പോൾ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്‌ക ഷെട്ടിയാണ്. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും അനുഷ്‌ക ഷെട്ടിയുണ്ടാകും. ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയിൽ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.
ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചെലവഴിക്കുന്നത് 50 കോടി രൂപയാണ്. റാം- ലക്ഷ്മൺ, ഗ്രേഗ് പവൽ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്യുന്നത്. സെയ് റാ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.