2016-ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് വിമാനം, ഉയരെ, ബി 32 മുതല്‍ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാര്‍ക്കലി നടത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ 'മന്ദാകിനി', 'ഗഗനചാരി' എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ആനന്ദത്തിലൂടെ കടന്നു വന്ന അനാര്‍ക്കലി സഹനടിയായി കയ്യടി നേടിയ ശേഷമാണ് നായികയാകുന്നത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ തുറന്ന സംസാരത്തിലൂടേയും നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട് അനാര്‍ക്കലി. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനാര്‍ക്കലി.
ഇപ്പോഴിതാ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ചും, പ്രണയബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് അനാര്‍ക്കലി മരിക്കാര്‍. സിനിമയെ കുറിച്ച് നല്ല ധാരണയുള്ള കാമുകന്‍ ഉള്ളതുകൊണ്ട് തന്നെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അവന്‍ കുറേ സഹായിക്കാറുണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്. എന്നാല്‍ പോസ്റ്റ് അപ്പോകാലിപ്‌റ്റോ- ഡിസ്‌ട്ടോപ്യന്‍ ഴോണ്‍റെയില്‍ പുറത്തിറങ്ങിയ ഗഗനചാരി എന്ന ചിത്രം താന്‍ സ്വയം തിരഞ്ഞെടുത്തതാണെന്നും അനാര്‍ക്കലി മരിക്കാര്‍ പറയുന്നു.
എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകന്‍ ആകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല്‍ അവനോട് സംസാരിക്കും'' എന്നാണ് താരം പറയുന്നത്. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും. അവര്‍ രണ്ടു പേരുമാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അപൂര്‍വ്വമായി മാത്രമേ ഒറ്റയ്ക്ക് തെരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്.
ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോഴത്ത ശ്രദ്ധ.'' എന്നാണ് അനാര്‍ക്കലി മരിക്കാര്‍ പറയുന്നത്.
മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങളുടെ എണ്ണം കുറയുന്നുണ്ടോ? എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ഇപ്പോള്‍ മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സമീപകാലത്ത് ഇറങ്ങിയ ചില സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ കുറവാണെന്നു കരുതി മലയാളം മൊത്തത്തില്‍ അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. സ്ത്രീ കഥാപാത്രം കുറവാണ്. അതുകൊണ്ട് കുറച്ചുപേര്‍ വരട്ടെ എന്നു പറഞ്ഞ് ഒരു സിനിമയില്‍ സ്ത്രീകളെ തിരുകികയറ്റേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നാണ് അനാര്‍ക്കലി പറയുന്നത്.
അനാര്‍ക്കലിയുടെ ഉമ്മച്ചിയും ചേച്ചിയും സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. ഇരുവരെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് സ്ത്രീകളാണ് അവര്‍. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് ഉമ്മച്ചിയാണ്. ചെയ്യുന്ന കാര്യത്തില്‍ ഏറെ ആത്മാര്‍ത്ഥതയാണ് ഉമ്മച്ചിയ്ക്ക്. ഇപ്പോള്‍ സിനിമയല്‍ സജീവമായതോടെ ഉമ്മച്ചി അഭിനയവും ഡാന്‍സും പഠിക്കുന്നു. അതിനു മുമ്പ് ഇന്റീരിയര്‍ ഡിസൈനിങ്ങും പഠിച്ചു. എല്ലാ കാര്യത്തിലും ആക്ടീവാണ് ഉമ്മച്ചി എന്നാണ് താരം പറയുന്നത്. ചേച്ചിയും എന്നെ ഒരുപാട് സഹായിക്കുന്നു. ചേച്ചിയ്ക്ക് എല്ലാറ്റിനെക്കുറിച്ചും കൃത്യമായ ധാരണയും നിലപാടുമുണ്ട്. സംസാരിക്കുമ്പോള്‍ ഒരുപാട് അറിവ് കിട്ടും. തിരക്കഥ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം അഭിമുഖങ്ങളില്‍ എങ്ങനെ സംസാരിക്കണമെന്നൊക്കെ ചേച്ചി ഉപദേശിക്കും എന്നും അനാര്‍ക്കലി പറയുന്നുണ്ട്.