അഭിനയ രംഗത്ത് നിന്ന് താൽക്കാലികമായി വിടവാങ്ങുന്നുവെന്ന് നടി അമ്പിളി ദേവി. ശാരീരികമായ വിഷമതകൾ കൊണ്ടാണ് ഈ തീരുമാനമെന്ന് അമ്പിളി ദേവി ഫേസ്‌ബുക്ക് ലൈവിൽ പ്രതികരിച്ചു. മൂന്നര മാസം ഗർഭിണിയാണ് അമ്പിളി. സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണെന്നും നടി പറയുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നു മാറിനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും അവസ്ഥ കാരണം മാറിനിൽക്കാതെ പറ്റില്ലെന്നാണ് താരം പറയുന്നത്. തനിക്കു പകരം തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ സ്വീകരിക്കണമെന്നും അവർ പറഞ്ഞു. സ്ത്രീപദം എന്ന സീരിയലിലാണ് അമ്പിളിദേവി അഭിനയിക്കുന്നത്. ഭർത്താവും നടനുമായ ആദിത്യന്റെ നിർദ്ദേശ പ്രകാരമാണ് താൻ ഇപ്പോൾ ഇത് പറയുന്നതെന്നും അമ്പിളി പറഞ്ഞു.
സീരിയലിന്റെ അണിയറപ്രവർത്തകർക്കും നിർമ്മാതാവിനുമെല്ലാം അമ്പിളി നന്ദി അറിയിച്ചിട്ടുമുണ്ട്. ഇനുവരി 25 നായിരുന്നു അമ്പിളിദേവിയുടെയും നടൻ ആദിത്യന്റെയും വിവാഹം.സീത സീരിയലിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായത്. സീരിയലിൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായാണ് വേഷമിട്ടത്
വളരെ മുൻപ് തന്നെ അമ്പിളിയെ ഇഷ്ടമായിരുന്നുവെന്ന് ആദിത്യൻ പറഞ്ഞിരുന്നു. വിവാഹമോചിതയായി തുടരുന്നതിനിടയിലായിരുന്നു ഇരുവരും ഒരുമിച്ചത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്നു അമ്പിളി ദേവി. ദിവസങ്ങൾ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കി ഇവരെത്തിയത്.