കൊല്ലത്ത് സ്കൂള്‍ കലോത്സവത്തില്‍ അരങ്ങേറിയ നാടകങ്ങളെ പ്രശംസിച്ച് നടന് അലന്‍സിയര്‍. കുട്ടികളുടെ പ്രകടനം കണ്ടിട്ട് സിനാ അഭിനയവും നാടകവും നിര്‍ത്തിയാലോ എന്നുവരെ ചിന്തിച്ചു പോയെന്ന് അലന്‍സിയര്‍ പറഞ്ഞു. മായാവനം എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പുതിയ കുട്ടികളോടൊപ്പം അഭിനയിക്കുമ്പോള്‍ അവരുടെ ഓരോ ഭാവചലനങ്ങളും സൂക്ഷമമായി നിരീക്ഷിക്കാറുണ്ട്. പുതിയ കാലത്തെ ഞാനവരുടെ കണ്ണിലൂടെയാണ് വ്യാഖ്യാനിച്ച് എടുക്കുന്നത്. പുതിയ കുട്ടികളുടെ ചലനം, നോട്ടം, അവരുടെ വൈകാരികത ഇതൊക്കെ പഴയ കാലത്തെയല്ല അനുസ്മരിപ്പിക്കുന്നത്. പുതുകാലത്തിന്റെ വൈകാരികത നമുക്കറിയില്ല. എനിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്.
ആ രണ്ട് മക്കളുടെയും കാലത്തല്ല ഞാന്‍ ജീവിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഞാന്‍ പഴയകാലത്ത് ജീവിക്കുന്നൊരു മനുഷ്യനാണ്. അവര്‍ അനുഭവിക്കുന്ന വ്യഥയല്ല ഞാന്‍ അനുഭവിച്ചു വന്നത്.അത് തന്നെയാണ് പുതുതലമുറ അവരുടെ ശരീര പ്രകടനത്തിലൂടെയും അഭിനയ ശൈലിയിലൂടെയും പ്രകടിപ്പിക്കുന്നത്. അതു തന്നെയാണ് കൊല്ലം സ്കൂള്‍ കലോത്സവത്തില്‍ ഞാന്‍ കണ്ട നാടകങ്ങളിലും പ്രതിഫലിച്ചത്.
അവരുടെ അഭിനയം കണ്ടിട്ട് സിനിമാ അഭിനയവും നാടകവും നിര്‍ത്തിയാലോ എന്നുപോലും ഞാന്‍ വിചാരിച്ചുപോയി. എല്ലാ നടന്മാരും അപ്ഡേറ്റ് ചെയ്യാനുണ്ട്. പുതു സൃഷ്ടിയുണ്ടാകണം. അങ്ങനെയായിരിക്കണം കാലം വളരേണ്ടത്. എന്നും പുതുതലമുറയാണ് ശരി, പഴയ തലമുറയല്ല. ഓരോ രാവിലും പുലരിയിലും ഉറക്കത്തിലും യാത്രയിലും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്' അലന്‍സിയര്‍ പറഞ്ഞു