സിനിമാ പുരസ്‌ക്കാര അവാര്‍ഡ് വേദിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. തന്റെ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് അലന്‍സിയറുടെ പക്ഷം. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ യാതൊരു തെറ്റുമല്ലെന്നും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അലന്‍സിയര്‍ പറഞ്ഞു.
ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിക്കാണ് ആദ്യം നല്‍കിയത്. ഞാനൊരു സ്ത്രീവിരുദ്ധന്‍ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയില്‍ അലന്‍സിയറിന്റെ വിശദീകരണം.
ഇന്നലെയാണ്, സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍ രംഗത്തെത്തിയത് . പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം തരണമെന്നും അലന്‍സിയര്‍ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോള്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും ആയിരുന്നു അലന്‍സിയറുടെ പ്രസ്താവന. സംസ്ഥാന ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണം വിവാദത്തിന് കാരണമായിരുന്നു.
നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജ്യൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നാല്‍ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോള്‍ താന്‍ അഭിനയം നിര്‍ത്തും. അലന്‍സിയര്‍ പറഞ്ഞതിങ്ങനെയായിരുന്നു.
അിതിനിടെ, അലന്‍സിയര്‍ക്കെതിരെ അവാര്‍ഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തി. പ്രത്യേക ജൂറി പരാമര്‍ശ പുരസ്‌കാരം വാങ്ങിയ ശേഷമുള്ള അലന്‍സിയറിന്റെ ഈ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു വിഭാഗം ശക്തമായി വിമര്‍ശിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ ട്രോളുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.
ഇതിന് മുമ്പും അലന്‍സിയര്‍ വിവാദങ്ഹളില്‍ നിറഞ്ഞിട്ടുണ്ട്. 2018ല്‍ അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിനു നേരെയുള്ള നടന്‍ അലന്‍സിയറുടെ തോക്കുപ്രയോഗം തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ ഞെട്ടലായി. അഞ്ചു കൊല്ലം കഴിയുമ്പോള്‍ അതേ വേദിയില്‍ മറ്റൊരു വിവാദം. അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടായി എന്നാണ് വിലയിരുത്തല്‍. മൈക്ക് കിട്ടുമ്പോള്‍ എന്തും പറയുന്ന അലന്‍സിയര്‍.
പീഡനക്കേസ് ഉള്‍പ്പെടെ പല വിവാദങ്ങളില്‍ അലന്‍സിയര്‍ പെട്ടിട്ടുണ്ട്. അലന്‍സിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാതെയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് അത് താനാണെന്ന വെളിപ്പെടുത്തലുമായി നടി എത്തിയത്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.
പ്രലോഭനശ്രമങ്ങളുമായാണ് അലന്‍സിയര്‍ തുടക്കം മുതല്‍ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയില്‍ കയറിവന്നെന്നും ആരോപിച്ചു. പിന്നീട് ഈ വിവാദം കെട്ടടങ്ങി. അതിന് ശേഷം പ്രമുഖ സംവിധായകന്റെ ഫ്‌ളാറ്റില്‍ കയറി കൈ കൊണ്ട് പ്രതീകാത്മക വെടിവച്ചതും വാര്‍ത്തയായി.
സിനിമാ രംഗത്തുള്ള മറ്റുള്ളവരും അലന്‍സിയറിനെതിരെ രംഗത്തെത്തി. നിരവധി പേരാണ് നടനെതിരെ പ്രതികരണവുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടന്‍ സന്തോഷ് കീഴാറ്റൂരും രംഗത്ത്.
അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അലന്‍സിയറിന് കുറച്ച് കുറച്ച് നാണവും മാനവും ഉണ്ടെങ്കില്‍ ലഭിച്ച അവാര്‍ഡ് തിരിച്ചു നല്‍കണമെന്നും ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നടന്‍ സന്തോഷ് കീഴാറ്റൂര്‍ സമൂഹ മാധ്യമത്തിലൂടെയാണ് വിഷയത്തില്‍ പ്രതികരിച്ചത്.ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ എന്ന നടന്‍ നടത്തിയ പരാമര്‍ശത്തോട് കടുത്ത' വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് താരം കുറിച്ചത്.
പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ പരാമര്‍ശം. ആണ്‍കരുത്തുള്ള പ്രതിമ കിട്ടുമ്പോള്‍ അഭിനയം നിര്‍ത്തുമെന്നു പറഞ്ഞ അദ്ദേഹം, സ്പെഷല്‍ ജൂറി അവാര്‍ഡിനെയും വിമര്‍ശിച്ചിരുന്നു. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്, ഇന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.