Latest News

ആരോപണം സത്യവും വ്യക്തവും; പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു; ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി

Malayalilife
 ആരോപണം സത്യവും വ്യക്തവും; പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു; ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി

തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നുമുള്ള ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഉയര്‍ന്നത്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ജയസൂര്യക്കെതിരെ രണ്ട് നടിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതി. ഇതിലൊരാളാണ് ഇപ്പോള്‍ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയത്.

ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താന്‍ ഉയര്‍ത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവര്‍ പറഞ്ഞു. 'വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഞാന്‍ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപമണമുയര്‍ന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്. ഞാന്‍ കേസ് അവസാനിപ്പിക്കുകയാണെങ്കില്‍ അത് എനിക്ക് ഒരിക്കലും നല്ലതായി വരില്ല', അവര്‍ പറഞ്ഞു.
 
പീഡനം പോലെതന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ് എന്നായിരുന്നു ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇന്ന് തന്റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സത്യം ചെരിപ്പ് ധരിക്കുന്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ.

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് രണ്ടാമതും പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചിരുന്നു.

2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍വെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍വെച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം. 2013-ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് മറ്റൊരു പരാതി. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read more topics: # ജയസൂര്യ
actress reacts jayasurya facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES